കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ കെ. പട്ടേലിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രണ്ട് മിനിറ്റിനുള്ളില്‍ പട്ടേലിനെ പുറത്താക്കുമെന്ന് ഞായറാഴ്ച ദാമനില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അഴിമതിക്കാരനും നരേന്ദ്ര മോദിക്ക് സമാനമായ സ്വേച്ഛാധിപത്യവുമുള്ള പട്ടേലിനെ കോൺഗ്രസ് സർക്കാർ രൂപീകരിച്ച് രണ്ട് മിനിറ്റിനുള്ളിൽ തൽസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥി കേതൻ പട്ടേലിനെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രഫുൽ പട്ടേൽ അന്വേഷണം നേരിടുന്നുണ്ടെന്ന് കോൺഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടേലിന്‍റെ കെടുകാര്യസ്ഥത കേന്ദ്രഭരണപ്രദേശത്ത് തൊഴില്‍ നഷ്ടത്തിനും ഭയത്തിന്‍റെ വാഴ്ചക്കും വഴിയൊരുക്കിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
“നരേന്ദ്ര മോദി പ്രഫുൽ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായിട്ടല്ല… നിങ്ങളുടെ പ്രദേശത്തെ രാജാവായാണ് നിയമിച്ചിരിക്കുന്നത്.ആളുകളെ ഉപദ്രവിക്കുക, വീടുകൾ പൊളിക്കുക എന്നിങ്ങനെയുള്ള എന്തും ചെയ്യാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇത് ഇവിടെ നടക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ ഇത് രാജ്യത്തുടനീളം നടക്കുന്നു.നിങ്ങളുടെ ചരിത്രവും സംസ്‌കാരവും സംരക്ഷിക്കണം..അല്ലാതെ പ്രഫുല്‍ പട്ടേലിനെയല്ല. ഡൽഹിയിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം പ്രഫുൽ പട്ടേലിനെ ഇവിടെ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിന്റെ അഴിമതിക്കെതിരെ കുരുക്ക് മുറുക്കുകയും ചെയ്യും.” രാഹുൽ ഗാന്ധി പറഞ്ഞു.