കോൺഗ്രസിൽ നിന്ന് മിലിന്ദ് ദേവ്‌റ രാജിവച്ചു; ശിവസേന ഷിൻഡെ പക്ഷത്തിൽ ചേർന്നേക്കുമെന്ന് സൂചന

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ പാർട്ടിയിൽനിന്നു രാജിവച്ചു. ശിവസേനയിലെ ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതിനിടെയാണ് രാജിപ്രഖ്യാപനം. 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു മിലിന്ദ്.

മുൻ കേന്ദ്രമന്ത്രി, അന്തരിച്ച മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ്. അഞ്ച് പതിറ്റാണ്ടിലേറെയായി കോൺഗ്രസും ദേവ്‌റ കുടുംബവും കൈവശം വയ്ക്കുന്ന സൗത്ത് മുംബൈ ലോക്‌സഭാ സീറ്റ് ഇത്തവണ കോൺഗ്രസിൽ നിന്ന് സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് പക്ഷം പിടിച്ചുവാങ്ങാനുള്ള സാധ്യത നിലനിൽക്കെ, സുരക്ഷിത താളവമെന്ന നിലയിൽ ഷിൻഡെ പക്ഷത്തേക്കു മിലിന്ദ് നീങ്ങിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഉദ്ധവ് പക്ഷത്തെ അരവിന്ദ് സാവന്താണ് സൗത്ത് മുംബൈ മണ്ഡലത്തിൽ നിന്നുളള സിറ്റിങ് എംപി. ബിജെപിയും ശിവസേനയും സഖ്യമായി മത്സരിച്ച കഴിഞ്ഞ 2 തവണയും മിലിന്ദിനെ പരാജയപ്പെടുത്തിയ നേതാവാണ് ഇദ്ദേഹം

Leave a Reply

Your email address will not be published. Required fields are marked *