കോണ്‍ഗ്രസിന് മുന്നില്‍ ഉപാധികളുമായി ആംആദ്മി പാര്‍ട്ടി

വരാനിരിക്കുന്ന തെര‍ഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധികളുമായി ആംആദ്മി പാര്‍ട്ടി.

കോണ്‍ഗ്രസ് ദില്ലിയിലും പഞ്ചാബിലും മത്സരിക്കില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മധ്യ പ്രദേശിലും രാജസ്ഥാനിലും ആംആദ്മി പാര്‍ട്ടിയും മത്സരിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി. ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആണ് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധിയുമായി എത്തിയത്. തെരഞ്ഞെടുപ്പുകളെ നേരിടാൻ ഉപാധികളോടെ മുന്നേറാമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെതിരെ എഎപി ആരോപണവും ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ് എഎപിയുടെ പ്രഖ്യാപനങ്ങള്‍ അതേപടി കോപ്പി അടിക്കുന്നു എന്നായിരുന്നു വിമര്‍ശനം.

 2024ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങളിലും എഎപി പങ്കാളികളാണ്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത്. അതിനൊപ്പം കര്‍ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയവും പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ചവിട്ടുപടിയായിക്കഴിഞ്ഞു. ദില്ലി ഓര്‍ഡിനൻസിനെതിരെ പ്രതിപക്ഷത്തെ കൂട്ടുപിടിക്കാനുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നീക്കം ഐക്യത്തിനുള്ള സാധ്യതകള്‍ തുറന്നിടുണ്ട്.

ദില്ലി ഓ‍ര്‍ഡിനൻസില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അരവിന്ദ് കെജ്രിവാളിനെ കണ്ട് പിന്തുണയറിയിച്ചിരുന്നു. വിഷയത്തില്‍ കെജ്രിവാളിനൊപ്പമാണെന്ന് നിതീഷ് കുമാര്‍ കൂടികാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ദില്ലി സര്‍ക്കാറിന്‍റെ അധികാരം കവരുന്ന ബില്‍ രാജ്യസഭ കടന്നില്ലെങ്കില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ വീഴുമെന്ന സന്ദേശം രാജ്യത്തെ ജനങ്ങളിലെത്തുമെന്ന് കെജരിവാള്‍ പറഞ്ഞു. എന്നാല്‍ ദില്ലി ഓര്‍ഡിനൻസിനെ എതിര്‍ത്താലും എഎപിയെ പിന്തുണയ്ക്കരുതെന്നാണ് കോണ്‍ഗ്രസ് കമ്മിറ്റികളിലെ നിര്‍ദ്ദേശങ്ങള്‍. ദില്ലി, പഞ്ചാബ് പിസിസികളാണ് ഈ വിഷയത്തിലുള്ള നിലപാട് അറിയിച്ചിരുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *