കേന്ദ്ര ഏജൻസികളെ ഭയന്ന് ഒരു നേതാവ് പാർട്ടി വിട്ടു, രാഹുൽ ഗാന്ധി; മറുപടിയുമായി അശോക് ചവാൻ

കേന്ദ്ര ഏജൻസികളെ ഭയന്ന് ജയിലിൽ പോകാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞ് ഒരു കോൺഗ്രസ് നേതാവ് പാർട്ടി വിട്ടെന്ന് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ മറുപടിയുമായി അടുത്തിടെ കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്ന അശോക് ചവാൻ. രാഹുലിന്റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള രാഷ്ട്രീയ ആരോപണം മാത്രമാണെന്നും കോൺഗ്രസ് വിടുന്നതുമായി ബന്ധപ്പെട്ട് സോണിയ ​ഗാന്ധിയെ ഞാൻ കണ്ടിട്ടില്ലെന്നും അശോക് ചവാൻ പ്രതികരിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളന വേദിയിൽ കേന്ദ്ര ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടവേയൊണ് ഒരു കോൺഗ്രസ് നേതാവ് ജയിലിൽ പോകാനാകില്ലെന്ന് പറഞ്ഞ് പാർട്ടി വിട്ടെന്ന് രാഹുൽ വെളിപ്പെടുത്തിയത്.”ഈ സംസ്ഥാനത്ത് നിന്നും (മഹാരാഷ്ട്ര) പാർട്ടി വിട്ട ഒരു നേതാവ്, പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കരഞ്ഞ് കൊണ്ട് സോണിയ ​ഗാന്ധിയെ വിളിച്ചിരുന്നു.സോണിയാ ജീ പറയാൻ പ്രയാസമുണ്ട്. പോരാടാൻ എന്റെ കയ്യിൽ അധികാരമില്ല. ജയിലിൽ പോകാനും ആഗ്രഹമില്ലെന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഭയന്ന് പാർട്ടി വിടുകയാണെന്ന് പറഞ്ഞുവെന്നുമായിരുന്നു രാഹുൽ വെളിപ്പെടുത്തിയത്. പിന്നാലെ രാഹുൽ സൂചിപ്പിച്ചത് അടുത്തിടെ കോൺഗ്രസ് വിട്ട അശോക് ചവാനെ കുറിച്ചാണെന്ന് അഭ്യൂഹങ്ങളുയർന്നു. പിന്നാലെയാണ് അശോക് ചവാൻ മറുപടിയുമായി രംഗത്തെത്തിയത്.

ഇന്ത്യ സഖ്യത്തിന്റെ കരുത്തും ഐക്യവും തെളിയിച്ച മെഗാ റാലിയോടെയാണ് ഇന്നലെ മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഇലക്ട്രൽ ബോണ്ട് വിഷയങ്ങളിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുൽ കോൺഗ്രസ് അശോക് ചവാനെതിരെ നടത്തിയ ഒളിയമ്പും വലിയ ചർച്ചയാകുകയാണ്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മറാത്തയുടെ മണ്ണിൽ മഹാവികാസ് അഘാഡിയുടെ കരുത്തും ഐക്യവും ശക്തിയും പ്രകടമാക്കുകയായിരുന്നു റാലി. ഇടഞ്ഞു നിന്ന പ്രകാശ് അംബേദ്കറെ വേദിയിലെത്തിച്ചതും കോൺഗ്രസിന്റെ രാഷ്ട്രീയ നേട്ടമായി. 

Leave a Reply

Your email address will not be published. Required fields are marked *