കേന്ദ്രവും കേരളവും തമ്മിലുള്ള ചർച്ച പരാജയം; കേരളത്തിന്റെ നിർദേശങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്രവും കേരളവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. കേരളം അധികമായി ചോദിച്ച തുക നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കേരളം മുന്നോട്ട് വെച്ച നിർദേശങ്ങളും കേന്ദ്രം അംഗീകരിച്ചില്ല. 19,370 കോടി രൂപയാണ് കേരളം അധികമായി ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു.

സുപ്രീംകോടതി നിർദേശ പ്രകാരമുള്ള ചർച്ചയ്ക്ക് കേരളത്തെ ചീഫ് സെക്രട്ടറി വി.വേണു ഐഎഎസാണ് നയിച്ചത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം. കൂടാതെ ഫിനാൻസ് സെക്രട്ടറി ആർ.കെ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ ഗോപാല കൃഷ്ണ കുറുപ്പ് എന്നിവരും പങ്കെടുത്തു. ധനമന്ത്രാലയത്തിൽ വച്ചായിരുന്നു ചർച്ച.

ഉദ്യോഗസ്ഥതല ചർച്ച ആയതിനാൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുത്തിരുന്നില്ല. ആദ്യ ചർച്ചയിൽ തീരുമാനമായ 13,608 കോടി രൂപ സ്വീകരിച്ചു കൂടെയെന്ന കോടതിയുടെ ചോദ്യത്തോട് കേരളം അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. എന്നാൽ അധിക തുക വേണ്ടി വരും എന്ന് കേരളം ആവശ്യം ഉന്നയിച്ചതോടെയാണ് കേന്ദ്രവും കേരളവും തമ്മിൽ വീണ്ടും ചർച്ച നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *