കേജ്രിവാളിനെ കൊല്ലുമെന്ന് ഭീഷണി സന്ദേശം; യുവാവ് അറസ്റ്റിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 33കാരനായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. മെട്രോ സ്റ്റേഷനിൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെട്രോ കോച്ചിനകത്തും അങ്കിത്ത് ഗോയൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതിയിരുന്നു.

ബിജെപിയുമായി ബന്ധമുള്ളവരാണ് മെട്രോ സ്റ്റേഷനിൽ ഭീഷണി മുദ്രാവാക്യം എഴുതിയത് എന്നായിരുന്നു ആംആദ്മി പാർട്ടിയുടെ ആരോപണം. ഇതു സംബന്ധിച്ചുള്ള പരാതി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആംആദ്മി പാർട്ടി ആദ്യമായി പൊലീസിനു നൽകിയത്. സംഭവത്തിൽ എഎപി തുടർച്ചയായി വാർത്താസമ്മേളനങ്ങളും നടത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അങ്കിത് ഗോയൽ അറസ്റ്റിലായത്. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലം അടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *