കൂട്ടബലാത്സംഗം, ഇരട്ടക്കൊലപാതകം: കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജി രാഹുൽ സിങ്ങാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 46000 രൂപ പിഴയും കോടതി ചുമത്തി.

2022 സെപ്തംബർ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ആറ് പേരെയാണ് പ്രതി ചേര്‍ത്തത്. ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സുനൈദ്, സുനില്‍, കരിമുദ്ദീന്‍, ആരിഫ് എന്നിവരാണ് പ്രായപൂര്‍ത്തിയായ പ്രതികള്‍. സുനൈദിനും സുനിലിനും ജീവപര്യന്തം തടവും കരിമുദ്ദീനും ആരിഫിനും ആറ് വർഷത്തെ കഠിനതടവും കോടതി ശിക്ഷ വിധിച്ചിരുന്നു. ആഗസ്ത് 14നാണ് കോടതി ഈ നാലു പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.

16നും 18നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്ത പ്രതികളുടെ വിചാരണ പോക്സോ കോടതിയിലാണ് നടന്നത്. ഇവരില്‍ ഒരാള്‍ കുറ്റക്കാരനാണെന്ന് കോടതി ആഗസ്ത് 22ന് കണ്ടെത്തി. തുടര്‍ന്നാണ് കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷയും 46000 രൂപ പിഴയും ചുമത്തിയത്. മറ്റൊരു പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ നടക്കുകയാണ്. 

ലഖിംപൂര്‍ഖേരിയിലെ നിഘാസൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലെ രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്. പെൺകുട്ടികളെ അവരുടെ വീട്ടിൽ നിന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനു ശേഷം ക്രൂരമായി കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. അതിനുശേഷം പ്രതികള്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങൾ കരിമ്പ് തോട്ടത്തിനുള്ളിലെ മരത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ സംഘമാണ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് പോക്സോ നിയമത്തിലെ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബ്രിജേഷ് കുമാർ പാണ്ഡെ പറഞ്ഞു. ഐപിസി സെക്ഷൻ 302/34 പ്രകാരം ജീവപര്യന്തം തടവും 15,000 രൂപ പിഴയും സെക്ഷൻ 452 പ്രകാരം അഞ്ച് വർഷം തടവും 5,000 രൂപ പിഴയും സെക്ഷൻ 363 പ്രകാരം അഞ്ച് വർഷം തടവും 5,000 രൂപ പിഴയും ഐപിസി സെക്ഷൻ 201 പ്രകാരം ആറ് വർഷം തടവും 5000 രൂപ പിഴയും ഐപിസി സെക്ഷൻ 323 പ്രകാരം ഒരു വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ സെക്ഷൻ 5 ജി/6 പ്രകാരം പ്രതിക്ക് 20 വർഷം കഠിന തടവും 15,000 രൂപ പിഴയും കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *