കുഴഞ്ഞുവീണ് വനിതാ പൊലീസ്: പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ: കോടതിയിൽ നാടകീയ രംഗങ്ങൾ

സ്വാതി മലിവാൾ എംപിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയരംഗങ്ങൾ. ഡൽഹി തീസ് ഹസാരി കോടതിയിൽ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എൻ. ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്.

സ്വാതിയെ അപകീർത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് അഭിഭാഷകൻ അറിയിച്ചതെങ്കിലും അവർ പൊട്ടിക്കരയുകയായിരുന്നു. ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലാത്ത ‍‍‍ഡ്രോയിങ് റൂം മനഃപൂർവം സ്വാതി തിരഞ്ഞെടുക്കുകയായിരുന്നെന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചതെന്നും ബിഭവിന്റെ അഭിഭാഷകൻ പറഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. രണ്ടാമത്തെ അപേക്ഷയാണ് ഇന്നു പരിഗണിക്കുന്നത്. അതിനിടെ കനത്തചൂടിൽ കോടതിക്കുള്ളിൽ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണതും ആശങ്കയ്ക്കിടയാക്കി.

Leave a Reply

Your email address will not be published. Required fields are marked *