ഒരുകോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ 24 മണിക്കൂറിനുള്ളില്‍ പഞ്ചാബ് പോലീസ് രക്ഷപ്പെടുത്തി. അതേസമയം പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ പ്രധാന പ്രതികളിലൊരാള്‍ പട്യാലയില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടിയെ രക്ഷപ്പെടുത്തിയ സംഘത്തിന് 10 ലക്ഷം രൂപ പാരിതോഷികവും സ്ഥാനക്കയറ്റവും നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടിയെ കേന്ദ്ര മന്ത്രി ഹര്‍പാല്‍ സിങ് ചീമ കുടുംബത്തിന് കൈമാറി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്‍കൗണ്ടര്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഖന്നയിലെ സീഹാന്‍ ദൗദ് ഗ്രാമത്തിലെ തന്‍റെ വീടിന് പുറത്ത് കളിക്കുമ്പോഴാണ് ഭാവ്കിരത് സിങ് എന്ന ഏഴ് വയസുകാരനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബൈക്കിലെത്തി രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ കടത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.