കാലിൽ വെടിയേറ്റ സംഭവം; നടൻ ഗോവിന്ദയുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്

സ്വന്തം തോക്കിൽനിന്ന് വെടിയുതിർന്നതിനെ തുടർന്ന് പരിക്കേറ്റ ബോളിവുഡ് നടൻ ഗോവിന്ദയെ പോലീസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സ്വന്തം തോക്കിൽനിന്ന് ഗോവിന്ദയ്ക്ക് കാലിൽ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തിൽ ഗോവിന്ദയെ ചോദ്യംചെയ്തത്.

വൃത്തിയാക്കുന്നതിനിടെ തോക്ക് അൺലോക്ക്ഡ് ആയെന്നും അബദ്ധത്തിൽ വെടിയുതിർന്നു എന്നുമാണ് ഗോവിന്ദ പോലീസിനോട് പറഞ്ഞതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തോക്കിന് 20 കൊല്ലം പഴക്കമുണ്ടെന്നും അദ്ദേഹം പോലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്.

പ്രാഥമികാന്വേഷണത്തിൽ മറ്റ് ക്രമക്കേടൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഗോവിന്ദ പറഞ്ഞത് പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം. പോലീസ് നടന്റെ മൊഴി വീണ്ടുമെടുത്തേക്കുമെന്നും സൂചനയുണ്ട്. ഗോവിന്ദയുടെ മകൾ ടീന അഹൂജയെയും പോലീസ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ചൊവ്വാഴ്ച പുലർച്ചെയാണ് സ്വന്തം റിവോൾവറിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഗോവിന്ദയുടെ കാലിന് പരിക്കേൽക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ് ഗോവിന്ദയെ മുംബൈ ക്രിട്ടിക് കെയർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *