കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖലിസ്താൻ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായതായി റിപ്പോർട്ട്. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സജീവ പ്രവർത്തകനായ ഇന്ദർജീത് ഗോസാലിനെയാണ് കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കാനഡയിലെ എസ്.എഫ്.ജിയുടെ കോർഡിനേറ്ററും കൊല്ലപ്പെട്ട ഖലിസ്താൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദർജീത്. പഞ്ചാബിൽ സ്വതന്ത്ര സിഖ് രാജ്യം വേണമെന്നാവശ്യപ്പെട്ട് ഈയടുത്ത് ഖലിസ്താൻ ജനഹിതപരിശോധന സംഘടിപ്പിച്ചതും ഇയാളാണെന്നാണ് ഒരു കനേഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
നവംബർ എട്ടിനാണ് ഇന്ദർജീതിനെ അറസ്റ്റ് ചെയ്തതെന്നും ഉപാധികളോടെ വിട്ടയച്ച പ്രതിയെ ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയിൽ ഹാജരാക്കുമെന്നും പീൽ റിജണൽ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനുനേരെ ഖലിസ്താൻ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. ഭക്തര്‍ക്കുനേരെയും ആക്രമണമുണ്ടായി. കൈയും വടിയുമുപയോഗിച്ച് ആളുകള്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.