കശ്മീരിലെ അനന്ത് നാഗ് – രാജൗരി മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റി ; പ്രതിഷേധവുമായി ഇന്ത്യാ മുന്നണി, ഗൂഢാലോചനയെന്ന് ആരോപണം

കശ്മീരിലെ അനന്ത് നാഗ് – രാജൗരി മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മാറ്റിയതിൽ പ്രതിഷേധം.വോട്ടെടുപ്പ് മാറ്റിയതിൽ ഗൂഢാലോചനയുണ്ടെന്ന് ഇൻഡ്യ സഖ്യം പറയുന്നു. പ്രചാരണത്തിനൊപ്പം അവസാന ഘട്ടവോട്ടെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തിരക്കിൽ കൂടിയാണ് രാഷ്ട്രീയപാർട്ടികൾ.

ജമ്മു കശ്മീരിലെ പ്രമുഖ പാർട്ടികളായ പിഡിപിയും നാഷണൽ കോണ്‍ഫറന്‍സും ഉയർത്തിയ പ്രതിഷേധത്തെ അവഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിയത്. മേയ് 7 ഇൽ നിന്നും 25 ലേക്കാണ് മാറ്റിയത്. ജമ്മു -ഉദം പൂർ മണ്ഡലങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ബി.ജെ.പിക്ക് താഴ്‌വാരയിലേക്ക് കടന്നു കയറാനുള്ള സൗകര്യത്തിന് വേണ്ടിയാണ് തിയതി മാറ്റം എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കോൺഗ്രസ് അമേഠി, റായ്ബറേലി അടക്കം മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് ആശയക്കുഴപ്പം മൂലമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് ശരത് പവാറിനെതിരെ നരേന്ദ്ര മോദി അക്രമണം ശക്തമാക്കി. കേന്ദ്ര കൃഷിമന്ത്രി ആയിരിക്കെ പവാർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നതാണ് പുതിയ ആരോപണം. മഹാരാഷ്ട്രയിലെ കല്യാൺ മണ്ഡലത്തിൽ ഷിൻഡെ വിഭാഗം ശിവസേന സ്ഥാനാർഥിയായി ശ്രീകാന്ത്‌ ഷിൻഡ യെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനാണ് ശ്രീകാന്ത്. ഈ മണ്ഡലത്തിൽ പ്രചാരണത്തിനു എത്തുമ്പോൾ കുടുംബ രാഷ്ട്രീയമെന്ന ആയുധം ബി.ജെ.പി ഉപയോഗിക്കുമോ എന്നാണ് കോൺഗ്രസിന്‍റെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *