കര്‍ണാടകയിലെ രാജസ്ഥാന്‍ ‘കല്യാണവീരന്‍’; കെണിയില്‍വീണത് 250ലേറെ സ്ത്രീകള്‍

വിവാഹത്തട്ടിപ്പു വാര്‍ത്തകള്‍ സര്‍വസാധാരണമാണ്. സ്ത്രീകളും പുരുഷന്മാരും പ്രതിസ്ഥാനത്തു വരുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ മുന്നിലൂടെ കടന്നുപോകാറുണ്ട്. എന്നാല്‍ കര്‍ണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവില്‍ പിടിയിലായ രാജസ്ഥന്‍ സ്വദേശി നടത്തിയ വിവാഹത്തട്ടിപ്പുകള്‍ കേട്ട് എല്ലാവരുടെയും കണ്ണുതള്ളിപ്പോയി. ഇരുപതു വര്‍ഷമായി ബംഗളൂരുവില്‍ താമസിക്കുന്ന 45കാരനായ നരേഷ് പൂജാരി ഗോസ്വാമി 250ലേറെ സ്ത്രീകളെയാണ് കബളിപ്പിച്ചത്. പലരില്‍നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. തട്ടിപ്പിന്നിരയായ കോയമ്പത്തൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ ബംഗളൂരു പോലീസ് പിടികൂടുന്നത്.

മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സൗഹൃദം സ്ഥാപിച്ചായിരുന്നു ഇയാള്‍ തട്ടിപ്പുനടത്തിയത്. ഇതിനായി മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇയാള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി. സ്ത്രീകളെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും വശീകരിച്ചായിരുന്നു തട്ടിപ്പ്. വിധവകളും വിവാഹമോചിതരുമാണ് തട്ടിപ്പിന് ഇരയായവരിലധികവും.

രാത്രി വൈകി സ്ത്രീകളുമായി സംസാരിക്കുകയും മെസേജ് അയയ്ക്കുകയും പണം നല്‍കാമെന്നു പറഞ്ഞു വിശ്വാസമാര്‍ജിച്ചിരുന്നതായും പോലീസ് പറഞ്ഞു. യുവാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് കസ്റ്റം ഉദ്യോഗസ്ഥനാണെന്നും ഐടി വിദഗ്ധനാണെന്നും ഇയാള്‍ ഇരകളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.

രാജസ്ഥാനില്‍ 56, ഉത്തര്‍പ്രദേശില്‍ 42, ഡല്‍ഹിയില്‍ 38, കര്‍ണാടകയില്‍ 27, മധ്യപ്രദേശില്‍ 26, മഹാരാഷ്ട്രയില്‍ 23, ഗുജറാത്തില്‍ 21, തമിഴ്‌നാട്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ആറ്, ആന്ധ്രാപ്രദേശില്‍ രണ്ട് തുടങ്ങി 250ലേറെ സ്ത്രീകളെയാണ് വലയില്‍വീഴ്ത്തി കബളിപ്പിച്ചത്. ഇയാള്‍ക്കെതിരേ കൂടുതല്‍പ്പേല്‍ പരാതികളുമായി രംഗത്തെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *