കത്വയിലെ ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഉമർ അബ്ദുള്ള

ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനായി ജമ്മുവിൽനിന്ന് ലഡാക്കിലേക്ക് സൈനികരെ മാറ്റിയത് തീവ്രവാദികൾക്ക് സാഹചര്യം മുതലെടുക്കാൻ സഹായിച്ചുവെന്നും ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്നും മുഖ്യമന്ത്രി ഉമർ അബ്ദുള്ള പറഞ്ഞു. തീ​വ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട കത്വ, റിയാസി, ജമ്മു ജില്ലകളിലെ ​നാല് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യാഴാഴ്ച കത്വ ജില്ലയിലെ സഫിയാൻ വനമേഖലയിൽ നുഴഞ്ഞുകയറ്റക്കാരായ തീവ്രവാദികളുമായുള്ള വെടിവയ്പിലാണ് പോലീസുകാർ കൊല്ലപ്പെട്ടത്. നിരോധിത ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പാകിസ്താൻ തീവ്രവാദികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുണ്ടായി. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമായി വൻ തിരച്ചിൽ നടക്കുന്നുണ്ട്.

ഏറ്റുമുട്ടലുകളും ഭീകരാക്രമണങ്ങളും പുതിയ കാര്യമല്ലെന്നും കഴിഞ്ഞ മൂന്ന് നാല് വർഷമായി ജമ്മു മേഖലയിൽ ഇവ നടക്കുന്നുണ്ടെന്നും സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ താരിഖ് അഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. റിയാസി ജില്ലയിൽ കഴിഞ്ഞ വർഷം തീർത്ഥാടകരെ കടത്തിക്കൊണ്ടുപോകുന്ന ഒരു പാസഞ്ചർ ബസിന് നേരെ ആക്രമണം ഉണ്ടായി. ജമ്മു നഗരത്തിലും ആക്രമണങ്ങൾ ഉണ്ടായി. ചൈനീസ് സൈന്യം ലഡാക്കിലേക്ക് അതിക്രമിച്ചു കയറിയപ്പോൾ അവരെ നേരിടാൻ ഞങ്ങൾക്ക് ഒരു സൈന്യം ആവശ്യമായിരുന്നു എന്നതാണ് ഇതിന് പിന്നിലെ കാരണമെന്നും അബ്ദുള്ള പറഞ്ഞു.

അടുത്ത ആഴ്ച ഈദിന് ശേഷം ഓഫിസുകൾ വീണ്ടും തുറക്കുമ്പോൾ വീരമൃത്യു വരിച്ച പോലീസുകാരുടെ നഷ്ടപരിഹാര കേസുകൾ ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മൾ ശ്രമിക്കണമെന്നും എന്ന് പറഞ്ഞു. ആളുകളുടെ രക്തസാക്ഷിത്വം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്ന തരത്തിൽ നാം തീവ്രവാദത്തെ നിയന്ത്രിക്കണം. ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. തനിക്ക് ഇന്റലിജൻസ് റിപ്പോർട്ടുകളൊന്നും കിട്ടയില്ലെങ്കിലും ഈ ഭാഗത്തേക്ക് പുതിയൊരു സംഘം ഭീകരർ കടന്നുകയറിയതായി തോന്നുന്നു. ഭീകരരെ പോലീസ് പിടികൂടിയത് ഭാഗ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവരെ പോലീസ് പിടികൂടിയില്ലെങ്കിൽ, ഉള്ളിലേക്ക് ആഴത്തിൽ കയറി അവർ എന്തു ചെയ്യുമായിരുന്നുവെന്ന് എനിക്കറിയില്ല. നമ്മുടെ നാല് ധീരരായ പോലീസ് ഉദ്യോഗസ്ഥർ ജീവൻ ബലിയർപ്പിച്ചു. പക്ഷേ അവരുടെ സമയോചിതമായ നടപടിയിലൂടെ നിരവധി നിരപരാധികളുടെ ജീവൻ രക്ഷിക്കപ്പെട്ടുവെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *