ഓം ബിർളയ്ക്കെതിരെ ബിജെപി വിട്ടുവന്ന പ്രഹ്ലാദ് ഗുഞ്ചാൽ; ആറാംഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. രാജസ്ഥാനിലെ നാലും തമിഴ്‌നാട്ടിലെ ഒരു സീറ്റിലേക്കുമാണ് അഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ട മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് പ്രഹ്ലാദ് ഗുഞ്ചാളാണ്. രാജസ്ഥാനിൽ ബിജെപിയുടെ മുഖമായ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ അടുത്ത അനുയായിയാണ് ഗുഞ്ചാൾ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ട നോർത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഗുഞ്ചാൾ. കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. അജ്മീർ മണ്ഡലത്തിൽ നിന്ന് രാമചന്ദ്രചൗധരിയും രാജ്‌സമന്ദിൽ നിന്ന് സുദർശൻ റാവത്തും ബിൽവാരയിൽ നിന്ന് ദാമോദർ ഗുർജറും മത്സരിക്കും. തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽ അഡ്വ. റോബർട്ട് ബ്രൂസാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

രണ്ട് ഘട്ടമായാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 19നും രണ്ടാം ഘട്ടം തിരഞ്ഞെടുപ്പ് ഏപ്രിൽ 26നുമാണ്. 12 ലോക്സഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാംഘട്ടത്തിൽ ശേഷിക്കുന്ന 13 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ സിംഗ്, ഉത്തർപ്രദേശ് പിസിസി പ്രസിഡന്റ് അജയ് റായ്, പി ചിദംബരത്തിന്റെ മകൻ കാർത്തി പി ചിദംബരം എന്നിവരുൾപ്പെടെ 46 ലോക്സഭാ സ്ഥാനാർത്ഥികളടങ്ങിയ നാലാം ഘട്ട പട്ടിക കോൺഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ സിംഗ് രാജ്ഗഡ് മണ്ഡലത്തിൽ നിന്നും അജയ് റായ് വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മത്സരിക്കും.

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് ഡാനിഷ് അലി ഉത്തർപ്രദേശിലെ അംരോഹ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവും. കോൺഗ്രസ് നേതാവ് പിഎൽ പുനിയയുടെ മകൻ തനൂജ് പുനിയയ്ക്ക് ഉത്തർപ്രദേശിലെ ബാരാ ബാങ്കിയിൽ നിന്നാണ് ലോക്സഭാ ടിക്കറ്റ് ലഭിച്ചത്.തമിഴ്‌നാട്ടിൽ നിന്നുള്ള സിറ്റിംഗ് എംപി മാണിക്കം ടാഗോർ വിരുദ്ധ്‌നഗറിൽ വീണ്ടും മത്സരിക്കും. രാജസ്ഥാനിലെ നാഗൗർ ലോക്സഭാ മണ്ഡലത്തിൽ ഹനുമാൻ ബേനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *