ഒരേ കോച്ചിൽ സഞ്ചരിച്ചവർക്ക് ഛർദ്ദിയും ദേഹാസ്വാസ്ത്യവും; രണ്ട് മരണം, അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ

ഒരേ കോച്ചിൽ സഞ്ചരിച്ച ‌യാത്ര സംഘത്തിലെ രണ്ട് പേർ മരിക്കുകയും ആറുപേർ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തിൽ അന്വേഷണവുമായി റെയിൽവേ. സംഘത്തിലെ നിരവധി പേർക്ക് ഛർദ്ദിയും ബോധക്ഷയവുമുണ്ടായിരുന്നു. കോട്ട-പട്ന എക്സ്പ്രസിലെ സ്ലീപ്പർ കോച്ചായ എസ് ടുവിലെ യാത്രക്കാർക്കാണ് യാത്രക്കിടെ അസ്വാസ്ഥ്യമുണ്ടായത്. വാരാണസിയിൽ നിന്ന് മഥുരയിലേക്കാണ് സംഘം യാത്ര ചെയ്തത്. ഞായറാഴ്ച ട്രെയിൻ ആ​ഗ്ര കന്റോൺമെന്റ് സ്റ്റേഷനിലെത്തിയപ്പോൾ രോ​ഗബാധിതരായ യാത്രക്കാർക്ക് വൈദ്യസഹായം നൽകി.‌ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് റെയിൽവേ അധികൃതർ. രണ്ടുപേരുടെ മരണകാരണം എന്താണെന്നെതിൽ ഇതുവരെ വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല.

കോട്ട-പട്‌ന എക്‌സ്‌പ്രസിൽ (13237) യാത്രക്കാരുടെ ആരോഗ്യനില മോശമാകുന്നതിനെക്കുറിച്ച് ആഗ്രയിലെ റെയിൽവേ ഉദ്യോഗസ്ഥർക്ക് അറിയിപ്പ് ലഭിച്ചു. ഛത്തീസ്ഗഡിൽ നിന്നുള്ള ‌സംഘത്തിനാണ് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായത്. സംഘം വാരാണസിയിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേയുടെ ആഗ്ര ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു. ‌യാത്രക്കാരിൽ ചിലർക്ക് ഛർദ്ദി തുടങ്ങിയതോടെയാണ് വിവരം അറിയിച്ചത്. പ്രായമായ സ്ത്രീ ട്രെയിനിൽ വെച്ചുതന്നെ മരിച്ചു. മറ്റൊരാൾ ചികിത്സക്കിടെയാണ് മരിച്ചത്. നിർജ്ജലീകരണമോ ഭക്ഷ്യവിഷബാധയോ ആയിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക ​നി​ഗമനം. എങ്കിലും മരണകാരണം ഇതുവരെ കൃത്യമായിട്ടില്ലെന്നും പിആർഒ അറിയിച്ചു.

90 ഓളം അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ നിലവിൽ റെയിൽവേ ആശുപത്രിയുടെ പരിചരണത്തിലാണ്. ​ഗുരുതരാവസ്ഥയിലാ‌യ മറ്റൊരാളെ ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. 

Leave a Reply

Your email address will not be published. Required fields are marked *