ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ്; തമിഴ്നാട്, കേരള, ബംഗാൾ നിയമസഭകളെ പിരിച്ചു വിടുമോയെന്ന് തമിഴ്നാട് മുഖ്യമന്ത്രി

 ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ് നിയമം പാസാക്കിയാൽ ഡിഎംകെയ്ക്കു മാത്രമല്ല, ഒരു രാഷ്ട്രീയ പാർട്ടിക്കും രാജ്യത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്നും അത് ‘വൺ മാൻ ഷോ’ ആയി മാറുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. 

ഇന്ത്യ എന്ന വാക്ക് ഇന്ന് പലരെയും ഭയപ്പെടുത്തുന്നു. ഇന്ത്യ എന്ന പേര് പറയാൻ ബിജെപിക്ക് നാണവും ഭയവുമാണ്. ഇതിൽ ഭയന്നാണ് ‘ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ്’ സാഹചര്യം സൃഷ്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നത്. തമിഴ്നാട്ടിലെ പ്രതിപക്ഷമായ അണ്ണാഡിഎംകെ ഭരണകക്ഷിയായിരുന്നപ്പോൾ ഈ നയത്തെ എതിർത്തിരുന്നു. ഇപ്പോൾ അതിനെ പിന്തുണയ്ക്കുന്നു. ഈ പിന്തുണ അണ്ണാഡിഎംകെയ്ക്കു തന്നെ വിനയായി മാറും. 

ഭരണത്തിൽ വന്നിട്ട് കേവലം രണ്ടര വർഷം മാത്രമായ തമിഴ്നാട്, കേരള, ബംഗാൾ നിയമ സഭകളെ പിരിച്ചു വിടുമോ? ഈയിടെ തിരഞ്ഞെടുപ്പു നടന്ന് ബിജെപി തിരിച്ചടി നേരിട്ട കർണാടകയിൽ എന്തു ചെയ്യും?. ഒന്നിച്ചു തിരഞ്ഞെടുപ്പു നടന്ന ശേഷം, ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം ഇല്ലെങ്കിൽ, സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എന്തു ചെയ്യും?. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ തിരഞ്ഞെടുപ്പ് നടത്താതെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ പോവുകയാണോ? ഇത്തരത്തിലുള്ള നിന്ദ്യമായ ഗൂഢാലോചനയാണു ബിജെപിക്കുള്ളതെന്നു സ്റ്റാലിൻ കുറ്റപ്പെടുത്തി. 

Leave a Reply

Your email address will not be published. Required fields are marked *