‘ഒന്നിച്ച് മുന്നേറാം’: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്രത്തിന്റെ 75–ാം വർഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതെന്നും സ്വതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിച്ചതോടെയാണ് രാജ്യത്തിന്റെ 74–ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യപഥിലെത്തി ദേശീയ പതാക ഉയര്‍ത്തും. ഇൗജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി.

ലഫ്റ്റനന്‍റ് ജനറല്‍ ധീരജ് സേത്താണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നയിക്കുക. 144 അംഗ ഇൗജിപ്ത് സൈനിക സംഘവും പരേഡിന്‍റെ ഭാഗമാകും. കേരളം അടക്കം 14 സംസ്ഥാനങ്ങളുടെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആറ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ പരേഡിലുണ്ട്. സ്ത്രീശാക്തീകരണമാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന്‍റെ വിഷയം.

479 കലാകാരന്മാരുടെ കലാ വിരുന്നും പരേഡിന്‍റെ ഭാഗമാകും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍, തെരുവുകച്ചവടക്കാര്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി പരേഡ് കാണാന്‍ മുന്‍നിരയിലുണ്ടാകും. 

Leave a Reply

Your email address will not be published. Required fields are marked *