ഒടിടി ആപ്പുകളുടെ ഉള്ളടക്കങ്ങളുടെ നിയന്ത്രണം: ടെലികോം ബില്ലിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയേക്കും

ഓവര്‍-ദി-ടോപ്പ് (ഒ.ടി.ടി.) ആപ്പുകളുടെയും ബ്രോഡ്കാസ്റ്റിങ് സേവനങ്ങളുടെയും ഉള്ളടക്കനിയന്ത്രണവുമായി ബന്ധപ്പെട്ട് വാര്‍ത്താവിനിമയമന്ത്രാലയം ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കാന്‍ ടെലികോം ബില്ലിന്റെ പുതുക്കിയ കരട് ഒരുമാസത്തിനുള്ളില്‍ മന്ത്രാലയം പുറത്തിറക്കിയേക്കും.

സെപ്റ്റംബര്‍ 22-ന് ടെലികോം ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം പുറത്തിറക്കിയെങ്കിലും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണങ്ങളില്‍ നിരവധി അവ്യക്തതകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുക്കിയ പതിപ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. കരട് ബില്ലിന്റെ ഷെഡ്യൂള്‍ രണ്ട് പ്രകാരം സാമൂഹിക റേഡിയോ സ്റ്റേഷനുകള്‍, ഡി.ടി.എച്ച്., ഐ.പി.ടി.വി. സേവനങ്ങള്‍, സ്വകാര്യ ഏജന്‍സികളുടെ എഫ്.എം. റേഡിയോ പ്രക്ഷേപണം തുടങ്ങിയവയ്‌ക്കെല്ലാം ലൈസന്‍സ് ആവശ്യമാണ്.

എന്നാല്‍, ഒ.ടി.ടി. ആപ്പുകളുടെയും ബ്രോഡ്കാസ്റ്റിങ് സേവനങ്ങളുടെയും വ്യക്തമായ നിര്‍വചനം ബില്ലിലില്ല. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളും മറ്റു സ്ട്രീമിങ് സേവനങ്ങളുമുള്‍പ്പെടെ എല്ലാത്തരം ആപ്പുകളും ടെലികോം വകുപ്പിന്റെ നിയന്ത്രണത്തിന് വിധേയമായേക്കുമെന്ന ആശങ്കയുമുണ്ട്. ആശയക്കുഴപ്പങ്ങളെല്ലാം പുതുക്കിയ ബില്ലില്‍ വ്യക്തമായി നിര്‍വചിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *