ഐസ്‌ക്രീം കഴിക്കുന്നതിനിടെ നാവിൽ തട്ടിയത് മനുഷ്യന്റെ വിരൽ; ഞെട്ടൽ മാറാതെ ഡോക്ടർ

ഐസ്‌ക്രീമിൽ മനുഷ്യന്റെ വിരൽ. മുംബെയിലെ ഡോക്ടറായ ഇരുപത്തേഴുകാരിക്കാണ് ഓൺലൈൻ വഴി ഓർഡർചെയ്ത ബട്ടർ സ്‌കോച്ച് ഐസ്‌ക്രീമിൽ നിന്ന് വിരൽ ലഭിച്ചത്. ഡോക്ടറുടെ സഹോദരിയാണ് ‘Zepto’ എന്ന ആപ്പുവഴി ഐസ്‌ക്രീമും മറ്റുചില പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്തത്. ലഭിച്ച ഐസ്‌ക്രീമിൽ ഒന്നാണ് ഡോക്ടർ കഴിച്ചത്.

കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ നാവിൽ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാൽ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും അവർ പറഞ്ഞു. വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്‌ക്രീമിന്റെ പകുതിയോളം കഴിക്കുകയും ചെയ്തിരുന്നു. സംഭവം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്‌ക്രീമും തെളിവിനായി കൈമാറുകയും ചെയ്തു.

ഐസ്‌ക്രീമിൽ നിന്ന് ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ശക്തമായ അന്വേഷണം ഉണ്ടാകുമെന്നുമാണ് പൊലീസ് പറയുന്നത്. ഐസ്‌ക്രീം നിർമ്മിച്ച് പാക്കുചെയ്ത സ്ഥലവും പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തെക്കുറിച്ച് ഐസ്‌ക്രീം കമ്പനിയോ വിതരണക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐസ്‌ക്രീം നിർമ്മിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളികളിൽ ആരുടെയെങ്കിലും മുറിഞ്ഞുപോയ വിരലിന്റെ ഭാഗമാണോ ഇതെന്നും സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *