പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു.
പാകിസ്ഥാന് നൽകുന്ന വായ്പ ലഭിക്കുന്നത് ഭീകരർക്കെന്ന് ഐഎംഎഫ് യോഗത്തിൽ ഇന്ത്യ തുറന്നടിച്ചു. ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. പാകിസ്ഥാന് 13 ബില്യൺ ഡോളർ ഐഎംഎഫ് വായ്പ നൽകുന്നതിന് എതിരെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്
ഇന്ന് വാഷിങ്ടണിൽ ചേർന്ന യോഗത്തിലായിരുന്നു ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. പാകിസ്ഥാന് നൽകുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും വലിയ അഴിമതികൾ പദ്ധതി നിർവഹണത്തിൽ നടക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ കടബാധ്യത വളരെ കൂടുതലാണെന്നതും ഇന്ത്യ ഉന്നയിച്ചു ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്ക് പാകിസ്ഥാന് ലഭിക്കുന്ന തുക പരോക്ഷമായി ലഭിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു.
പാകിസ്ഥാന് നേരത്തെ ഐഎംഎഫ് നൽകാനുണ്ടായിരുന്ന വായ്പ്പയുടെ വിഹിതം നൽകുന്നതിലായിരുന്നു വോട്ടെടുപ്പ്. പാകിസ്ഥാന് പണം നൽകാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. അന്താരാഷ്ട്ര സംഘടനകൾ ഇത്തരം നിലപാടുകൾ തുടരുകയാണെങ്കിൽ അവരുടെ വിശ്വാസ്യതയ്ക്ക് കേടുവരുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.