ഏലക്ക ഉപയോഗിച്ചുള്ള അരവണയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ് 

ഏലക്കയില്‍ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. അരവണയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ആണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഈ അരവണ മനുഷ്യര്‍ക്ക് കഴിക്കാന്‍ കഴിയുന്നതാണോ എന്ന് പരിശോധിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനമായ ഉത്തരവ്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന നടത്തേണ്ടതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയെക്കൊണ്ട് പരിശോധന നടത്താം, പരിശോധനാ റിപ്പോര്‍ട്ട് ബോര്‍ഡ് സുപ്രീംകോടതിക്ക് കൈമാറണം.

ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറ് ലക്ഷത്തിലധികം ടിന്‍ ആരവണയുടെ വില്‍പ്പനയാണ് കേരള ഹൈക്കോടതി തടഞ്ഞത്. ഈ ആരവണയില്‍ പരിശോധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി, അഭിഭാഷകരായ പി എസ് സുധീര്‍, ബിജു ജി എന്നിവര്‍ ഹാജരായി. ഈ അരവണ ഇനി ഭക്തര്‍ക്ക് വില്‍ക്കാന്‍ ആലോചിക്കുന്നില്ലെന്നില്ലെന്നും ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.

ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത് എങ്ങനെ വ്യാപാരമായി കണക്കാക്കാനാകുമെന്ന് വാദം കേള്‍ക്കലിനിടെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സി ടി രവികുമാര്‍ ആരാഞ്ഞു. തുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *