ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച സ്പൈസ്‌ജെറ്റ് ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പൈസ് ജെറ്റ് ജീവനക്കാരിയായ അനുരാധ റാണിയാണ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഗിരിരാജ് പ്രസാദിനെ മർദ്ദിച്ചത്. സുരക്ഷാ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ തന്നോട് അശ്ലീല വർത്തമാനം പറഞ്ഞതിനാലാണ് ഉദ്യോഗസ്ഥനെ തല്ലിയതെന്നാണ് ജീവനക്കാരി പ്രതികരിച്ചു
വിമാനത്താവളത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മർദ്ദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെയാണ് സംഭവം. മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്ക് പ്രവേശിച്ച ജീവനക്കാരി അനുമതിയില്ലാത്ത ഗേറ്റിലൂടെ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മറ്റൊരു ഗേറ്റിലൂടെ പോയി വിമാനക്കമ്പനി ജീവനക്കാർക്കുള്ള പരിശോധനയ്ക്ക് വിധേയയാകാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഈ ഗേറ്റിൽ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.
ഈ സമയം സിഐഎസ്എഫ് എഎസ്‌ഐ ഒരു വനിതാ ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി. പിന്നാലെ യുവതിയും എഎസ്‌ഐയും തമ്മിൽ തർക്കമുണ്ടാവുകയും ജീവനക്കാരി മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണ് സിഐഎസ്എഫ് സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥൻ ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതാണ് പ്രകോപനമെന്ന് സ്പൈസ് ജെറ്റ് വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഡ്യൂട്ടി സമയം കഴിഞ്ഞ് വീട്ടിലേക്ക് വരാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നാണ് ജീവനക്കാരിയുടെ ആരോപണം. ജീവനക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ പരാതി നൽകുമെന്നും അനുരാധ റാണിക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും സ്‌പൈസ് ജെറ്റ് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
SpiceJet staff member slaps a CISF personnel after an argument breaks out over security screening at Jaipur airport. She’s now arrested
Anuradha Rani working as a food supervisor with #SpiceJet was stopped by assistant sub-inspector Giriraj Prasad around 4 am for not having… pic.twitter.com/u5fMIW07Vs
— Nabila Jamal (@nabilajamal_) July 11, 2024