ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സ്വയംപ്രഖ്യാപിത വിദഗ്ധരുടെ വിശകലനം കേട്ട് ജനങ്ങൾ തങ്ങളുടെ വിലയേറിയ സമയം പാഴാക്കരുതെന്ന് പ്രശാന്ത് എക്‌സിൽ കുറിച്ചു.
‘അടുത്ത തവണ തിരഞ്ഞെടുപ്പുപ്പിനെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ചർച്ചകളുണ്ടാകുന്ന സാഹചര്യത്തിൽ വ്യാജ മാധ്യമപ്രവർത്തകരുടേയും സ്വയംപ്രഖ്യാപിത വിദഗ്ധരുടേയും വിശകലനം കേട്ട് നിങ്ങളുടെ വിലയേറിയ സമയം പാഴാക്കരുത്’, പ്രശാന്ത് കിഷോർ എക്‌സിൽ കുറിച്ചു.
ബി.ജെ.പി 2019-ലെ 303 സീറ്റ് എന്ന തത്സ്ഥിതി തുടരുമെന്ന് നേരത്തെ പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരുന്നു. ഒരുപക്ഷേ, ബി.ജെ.പി.യുടെ സീറ്റുനില 320 വരെ ഉയർന്നേക്കും. ബി.ജെ.പി. 370-ഉം എൻ.ഡി.എ. 400-ഉം സീറ്റ് കടക്കുമെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം ഒരിക്കലും സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ ശനിയാഴ്ച പുറത്തുവന്നിരുന്നു. മുന്നൂറിനുമുകളിൽ സീറ്റുനേടി ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യം വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം.