എഎപി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ ; രജിസ്ട്രേഷൻ ആരംഭിച്ചെന്ന് അരവിന്ദ് കെജ്രിവാൾ

മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ 18 വയസ് പൂര്‍ത്തിയാക്കിയ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 2100 രൂപ നിക്ഷേപിക്കുമെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ‌അരവിന്ദ് കെജ്രിവാള്‍. ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ എല്ലാ സ്ത്രീകള്‍ക്കും 1000 രൂപ കൊടുക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചില സ്ത്രീകള്‍ എന്നോട് നേരിട്ട് സംസാരിച്ചപ്പോള്‍ പണപ്പെരുപ്പം കാരണം 1000 രൂപ കൊണ്ട് തികയില്ലെന്ന് എന്നോട് പറഞ്ഞു. അതോടെയാണ് 2100 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി അടുത്തതിനാല്‍ ഉടന്‍ പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായിരിക്കവെ മുഖ്യമന്ത്രി സമ്മാന്‍ യോജനയുടെ കീഴില്‍ പ്രായ പൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും 1000 രൂപ വീതം പ്രതിമാസം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 2100 രൂപയാക്കി വര്‍ധിപ്പിച്ച അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദേശം ഡൽഹി മുഖ്യമന്ത്രി അതിഷി അധ്യക്ഷയായ മന്ത്രിസഭ പാസാക്കുകയും ചെയ്തു. മധ്യപ്രദേശില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് 1000 രൂപ നല്‍കി വരുന്ന പദ്ധതി നേരത്തെ നിലവിലുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *