തക്കാളിവില കൂടിയതിന് പിന്നാലെ ഉളളി വിലയും കൂടുന്ന സാഹചര്യത്തിൽ നിർണായക നടപടിയുമായി കേന്ദ്രം,. ഡിസംബർ 31 വരെ ഉള്ളിയുടെ കയറ്റുമതിയിൽ കേന്ദ്രധനമന്ത്രാലയം 40 ശതമാനം നികുതി ഏർപ്പെടുത്തി. ഓഗസ്റ്റ് മാസത്തിൽ ഉള്ളിവിലയിൽ തുടർച്ചയായി വർദ്ധന രേഖപ്പെടുത്തിയിരുന്നു. സെപ്തംബറിലും വില വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് സൂചന
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ സെപ്റ്റംബർ ആദ്യവാരം മുതൽ ചില്ലറ വിപണിയിൽ വില ഗണ്യമായി വർധിക്കുമെന്നും കിലോയ്ക്ക് 70 രൂപ വരെ എത്തുമെന്നും വിപണി വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഉള്ളി വില 2020 ലെ കൂടിയ നിരക്കിലെത്തില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലെ വിൽപ്പന കൂടിയ തോതിലായിരുന്നു. ഈ വർഷം ജനുവരി – മെയ് കാലയളവിൽ, ഉള്ളി വില കുത്തനെ കുറഞ്ഞതോടെ വ്യാപാരികൾ ഉള്ളി വില കുറച്ച് കൂടുതലായി വിറ്റഴിച്ചിരുന്നു. ഇതും സ്റ്റോക്ക് കുറയാൻ കാരണമായി. അതേസമയം, മഴ വിളവെടുപ്പിനെ ബാധിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും.