ദില്ലി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ. ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന് അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് കത്ത് നൽകിയത്. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടൻ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്.
കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി ധൻകർ സുപ്രീം കോടതിക്കെതിരെ വിമർശനം കടുപ്പിച്ച് രംഗത്തെത്തിയത്. കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നടക്കം ധൻകർ അഭിപ്രായപ്പെട്ടിരുന്നു. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ നടപടിയെടുക്കുന്നതിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയായിരുന്നു വിമർശനം. ജനങ്ങൾക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടടക്കം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സുപ്രിംകോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 142 ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നും ധൻകർ വിമർശിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിർദേശം നൽകുന്നത് രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ആളാണ് രാഷ്ട്രപതി. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിർദേശം നൽകിയിരിക്കുകയാണ്. നമ്മൾ എവിടേക്കാണ് പോകുന്നത് രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നടക്കമുള്ള ചോദ്യങ്ങളാണ് ഉപരാഷ്ട്രപതി ഉയർത്തിയത്.
ദില്ലിയിൽ കഴിഞ്ഞ മാർച്ച് 14, 15 ദിവസങ്ങളിൽ ജഡ്ജിയുടെ വസതിയിൽ എന്താണ് സംഭവിച്ചതെന്ന് ഇനിയും ആർക്കും അറിയില്ല. ജസ്റ്റിസ് വർമ്മയുടെ വസതിയിൽ തീ അണയ്ക്കാൻ അഗ്‌നിശമന സേന നടത്തിയ ഓപ്പറേഷനിൽ പണം കണ്ടെടുത്തതിനുശേഷവും അദ്ദേഹത്തിനെതിരെ ഒരു എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. രാജ്യത്തെ ആർക്കെതിരെയും കേസ് ഫയൽ ചെയ്യാം, എന്നാൽ ഒരു ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണെന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ രാജ്യത്ത് ആർക്കും, നിങ്ങളുടെ മുമ്പിലുള്ളയാൾ ഉൾപ്പെടെ ഏതൊരു ഭരണഘടനാ ഉദ്യോഗസ്ഥനെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കഴിയും. എന്നാൽ ജഡ്ജിമാരാണെങ്കിൽ, എഫ് ഐ ആർ ഉടനടി രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ജുഡീഷ്യറിയിലെ ബന്ധപ്പെട്ടവർ അത് അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ ഭരണഘടനയിൽ അത് നൽകിയിട്ടില്ലെന്നും ധൻകർ ചൂണ്ടികാട്ടിയിരുന്നു.