ഉത്തർപ്രദേശ് നിയമസഭയിൽ ഗുഡ്കയും പാൻ മസാലയും നിരോധിച്ചു; ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ

ഉത്തർപ്രദേശ് നിയമസഭയിലും പരിസരത്തും ഗുഡ്ക, പാൻമസാല തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിച്ചു. നിയമസഭക്കുള്ളിൽ അംഗങ്ങൾ പാൻമസാല ചവച്ച് തുപ്പിയതിനെതിരെ കഴിഞ്ഞ ദിവസം സ്പീക്കർ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. വിലക്ക് ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ ചുമത്തുമെന്നും സ്പീക്കർ സതീഷ് മഹാന പറഞ്ഞു.

ഇന്നലെ എംഎൽഎമാർ നിയമസഭയുടെ കാർപറ്റിൽ പാൻമസാല ചവച്ചുതുപ്പുന്നതിനെതിരെ സ്പീർക്കർ വിമർശനമുന്നയിച്ചിരുന്നു.ഒരു എംഎൽഎ തുപ്പുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സ്പീക്കർക്ക് ലഭിച്ചിരുന്നു. അപമാനം ഒഴിവാക്കാൻ എംഎൽഎയുടെ പേര് സ്പീക്കർ വെളിപ്പെടുത്തിയിരുന്നില്ല. ഇന്ന് സഭ ആരംഭിക്കുന്നതിന് മുമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്ത സ്പീക്കർ മഹാന, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് താൻ നേരിട്ടാണ് എംഎൽഎ തുപ്പിയ സ്ഥലം വൃത്തിയാക്കിയതെന്ന് വെളിപ്പെടുത്തി.

യുപി നിയമസഭ 403 അംഗങ്ങളുടെ മാത്രം സഭയല്ല, അത് സംസ്ഥാനത്തെ 25 കോടി ജനങ്ങളുടെ സഭയാണ്. ഒരു നല്ല ചിത്രം പോസിറ്റീവ് സ്വാധീനം ഉണ്ടാക്കുന്നത് പോലെ മോശം ചിത്രം നെഗറ്റീവ് ഫലം ഉണ്ടാക്കും. ഏതാനും അംഗങ്ങൾ സഭയിൽ പാൻമസാല ചവച്ചുതുപ്പിയ വിവരം ഇന്ന് രാവിലെയാണ് തനിക്ക് ലഭിച്ചത്. താൻ ഇവിടെയെത്തി അത് വൃത്തിയാക്കി. എംഎൽഎ ആരാണെന്ന് താൻ വീഡിയോയിൽ കണ്ടിരുന്നു. ആരെയും അപമാനിക്കാൻ ഉദ്ദേശ്യമില്ലാത്തതിനാൽ എംഎൽഎയുടെ പേര് വെളിപ്പെടുത്തുന്നില്ല. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് കണ്ടാൽ മറ്റുള്ളവർ അവരെ തടയണം. ഈ നിയമസഭ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നിയമസഭയിൽ പാൻ മസാല തുപ്പിയ എംഎൽഎ സ്വമേധയാ തന്നെ വന്നുകാണണം. അല്ലെങ്കിൽ താൻ വിളിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *