ഉത്തർപ്രദേശിൽ ലഡു മഹോത്സവത്തിനിടെ അപകടം ; പ്ലാറ്റ്ഫോം തകർന്ന് വീണ് 6 മരണം , 50 ഓളം പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ ഭാഗ്പതിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നുവീണ് ആറ് പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. നിരവധിപ്പേർ കയറിനിന്നതോടെ ഭാരം താങ്ങാൻ സാധിക്കാതെയാണ് മുളയിൽ തീർത്ത പ്ലാറ്റ്ഫോം നിലംപൊത്തിയത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബറൗത്തിലെ ജൈന വിഭാഗക്കാരാണ് ല‍ഡു മഹോത്സവം എന്ന പേരിലുള്ള മത ചടങ്ങ് നടത്തുന്നത്. പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വഴിപാടായി ലഡു സമർപ്പിക്കുന്ന ചടങ്ങാണ് ഈ ആഘോഷത്തിലെ പ്രധാന പരിപാടി. ഇതിന് വിശ്വാസികൾക്ക് കയറി നിൽക്കാനായി തയ്യാറാക്കിയ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസുകൾ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബാഗ്പത് പൊലീസ് മേധാവി പറഞ്ഞു. നിസാര പരിക്കുകൾ മാത്രമുണ്ടായിരുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മറ്റുള്ളവർക്ക് ചികിത്സ നൽകിവരികയാണ്.

കഴി‌ഞ്ഞ 30 വർഷമായി ജൈന സമൂഹം ഇവിടെ ലഡു മഹോത്സവം നടത്തിവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അസ്മിത ലാൽ പറഞ്ഞു. പരിക്കേറ്റവരിൽ ഇരുപതോളം പേരുടെ പരിക്കുകൾ നിസാരമായിരുന്നെന്നും അവർ അറിയിച്ചു. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി രക്ഷാപ്രവ‍ർത്തനം ഏകോപിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി. 

Leave a Reply

Your email address will not be published. Required fields are marked *