ഉത്തർപ്രദേശിൽ രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ച സംഭവം; ബിജെപിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ്

ഉത്തര്‍പ്രദേശ് കാൺപൂരിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും അടക്കം ബാധിച്ച സംഭവത്തില്‍ ബിജെപിയെ പ്രതിസ്ഥാനത്ത്  നിര്‍ത്തി കോണ്‍ഗ്രസ്. ബിജെപിയുടേത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

‘ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തെ ഇരട്ടി രോഗാവസ്ഥയിൽ ആക്കിയിരിക്കുകയാണ്. കാണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തലസീമിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 14 കുട്ടികള്‍ക്കാണ് രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ സ്ഥിരീകരിച്ചത്. ഈ അശ്രദ്ധ ലജ്ജാകരമാണെന്നും.’ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ചത്. കാണ്‍പുരിലെ ലാലാ ലജ്പത്റായ് ആശുപത്രിയിലാണ് സംഭവം. ആറിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് രോഗബാധയുണ്ടായത്. രണ്ടുപേര്‍ക്ക് എച്ച്‌ഐവിയും ഏഴുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി യും അഞ്ച്  പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയുമാണ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *