ഉത്തരാഖണ്ഡില്‍ യൂണിഫോം സിവില്‍കോഡ് അടുത്തയാഴ്ചയോടെ

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ യൂണിഫോം സിവില്‍കോഡ് അടുത്തയാഴ്ചയോടെ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയം പഠിക്കാനായി ചുമതലപ്പെടുത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന ദേശായുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതുസംബന്ധിച്ച കരടുറിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയ്ക്ക് കൈമാറുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത്.

ബില്ല് പാസാക്കാനായി ദീപാവലിക്ക് ശേഷം പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡാണ് ഇക്കാര്യത്തില്‍ ആദ്യം മുന്നിട്ടിറങ്ങിയിരിക്കുന്നത്.ഏക സിവില്‍കോഡിനെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനസര്‍ക്കാര്‍ രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ നിയോഗിച്ചത്. കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും ഉടന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്നും ഈ വര്‍ഷം ജൂണില്‍ രഞ്ജന ദേശായി പറഞ്ഞിരുന്നു. 2.30 ലക്ഷം നിര്‍ദേശങ്ങളായിരുന്നു സമിതിക്ക് ലഭിച്ചത്.

ഉത്തരാഖണ്ഡില്‍ ബി.ജെ.പി. അധികാരം നിലനിര്‍ത്താനായാല്‍ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമങ്ങളാവും ഏക സിവില്‍ കോഡ് ഉറപ്പുവരുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ധാമി പ്രഖ്യാപിച്ചിരുന്നു.2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്ത് സര്‍ക്കാരും ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *