‘ഇ.വി.എമ്മുകൾ ഒഴിവാക്കണം’; ഇ​ലോൺ മസ്കിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തെരഞ്ഞെടുപ്പുകളിൽനിന്ന് ഒഴിവാക്കണമെന്ന ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ അഭിപ്രായത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ഇ.വി.എമ്മുകൾ ഒരു ബ്ലാക്ക് ബോക്സാണെന്നും അത് സൂക്ഷ്മമായി പരിശോധിക്കാൻ ആരെയും അനുവദിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ‘എക്സി’ൽ കുറിച്ചു. നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതര ആശങ്കകൾ ഉയരുന്നുണ്ട്. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതിരിക്കുമ്പോൾ ജനാധിപത്യം കപടതക്കും വഞ്ചനക്കും ഇരയായി അവസാനിക്കുമെന്നും രാഹുൽ പറഞ്ഞു.

ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പുകളിൽനിന്ന് അവ ഒഴിവാക്കണമെന്നുമുള്ള ഇലോൺ മസ്കിന്റെ ട്വീറ്റും ഇതോടൊപ്പം രാഹുൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്രയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടുയന്ത്രം അൺലോക്ക് ചെയ്യാനുള്ള ഫോൺ എൻ.ഡി.എ സ്ഥാനാർഥിയുടെ ബന്ധു ഉപയോഗിച്ചെന്ന വാർത്തയും രാഹുൽ പങ്കുവെച്ചു.

അതേസമയം, മസ്കിനെതിരെ ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്ര​ശേഖർ രംഗത്തുവന്നു. മസ്കിന്റെ വീക്ഷണം അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ശരിയാകാമെന്നും എന്നാൽ, ഇന്ത്യയിൽ ഇത് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഇ.വി.എമ്മുകൾ പ്രത്യേകം രൂപകൽപ്പന ചെയ്തതും വളരെ സുരക്ഷിതവുമാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഇന്ത്യ ചെയ്തതുപോലെ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കഴിയുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. എന്നാൽ, എന്തും ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് ഇലോൺ മസ്ക് ഈ ട്വീറ്റിന് മറുപടി നൽകുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *