‘ഇവനാണ് ഞങ്ങ പറഞ്ഞ പോത്ത്…’; 11 കോടിയുടെ പോത്ത് മേളയിൽ കൗതുകമായി

രാജസ്ഥാനിലെ പുഷ്‌കർ മേളയിൽ പ്രദർശനത്തിനെത്തിയ ഒരു പോത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നു. സുന്ദരനായ പോത്തിൻറെ വിലയാണ് ലോകശ്രദ്ധയാകർഷിച്ചത്. 11 കോടി രൂപയാണ് പോത്തിൻറെ വില..! ഹരിയാനയിലെ സിർസയിൽ നിന്നാണ് ‘പോത്തുരാജൻ’ മേളയിൽ പങ്കെടുക്കാൻ എത്തിയത്.

പോത്തിന് എട്ടു വയസ് ഉണ്ടെന്ന് ഉടമ ഹർവിന്ദർ സിംഗ്. ഉയരം 5.8 അടി. 1,570 കിലോഗ്രാണ് ഭാരം. കഴിഞ്ഞവർഷം 1400 കിലോഗ്രാം മാത്രമേ തൂക്കമുണ്ടായിരുന്നുള്ളൂ. സ്വന്തം കുഞ്ഞിനെ പോലെയാണ് ഉടമ പോത്തിനെ പരിപാലിക്കുന്നത്. താൻ പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ പോത്തിനായി ചിലവഴിക്കാറുണ്ടെന്നും സിംഗ് പറഞ്ഞു. താത്പര്യമുള്ള ആരെങ്കിലും വന്നാൽ പോത്തിനെ വിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം പോത്തിന് മൂന്നു കോടി രൂപ വില പറഞ്ഞിരുന്നു. എന്നാൽ സിംഗ് വിൽക്കാൻ തയാറായില്ല. ബീജദാനത്തിലൂടെ150ലേറെ കന്നുകുട്ടികൾ ഉണ്ടായിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടകച്ചന്തയാണ് രാജസ്ഥാനിലെ പുഷ്‌കറിൽ നടക്കുന്ന പുഷ്‌കർ മേള. ഗോത്ര ആഘോഷമായ മേളയിൽ പങ്കെടുക്കാൻ വിവിധ ലോകരാജ്യങ്ങളിൽനിന്ന് ആളുകൾ എത്താറുണ്ട്. രാജസ്ഥാൻറെ സാംസാകാരിക പൈതൃകം എടുത്തുകാണിക്കുന്ന മേള കൂടിയാണിത്. ഒട്ടക പന്തയത്തോടെയാണ് പുഷ്‌കർ മേളയ്ക്കു തുടക്കമാകുക. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മേളയിൽ പങ്കെടുത്ത് കാലികച്ചവടം നടത്തുകയും ചെയ്യുന്നു. ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാവിധ കന്നുകാലികളെയും മേളയിൽ വാങ്ങാനും വിൽക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *