പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 60ആം ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം. മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അജയ് മാക്കന്‍ എന്നിവര്‍ നെഹ്‌റു സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി.
ശാസ്ത്ര, സാമ്പത്തിക, വ്യാവസായിക, വിവിധ മേഖലകളില്‍ ഇന്ത്യയെ മുന്നോട്ട് നയിച്ച ആധുനിക ഇന്ത്യയുടെ ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ സമാനതകളില്ലാത്ത സംഭാവനകള്‍ ഉള്‍പ്പെടുത്താത്ത ഇന്ത്യയുടെ ചരിത്രം അപൂര്‍ണ്ണമാണെന്ന് എക്സില്‍ ഖാര്‍ഗെ കുറിച്ചു. ജനാധിപത്യത്തിന്റെ സമര്‍പ്പിത കാവല്‍ക്കാരനും നമ്മുടെ പ്രചോദനത്തിന്റെ ഉറവിടവുമായിരുന്നു നെഹ്റുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സംരക്ഷണവും പുരോഗതിയും ഐക്യവുമാണ് നമ്മുടെ എല്ലാവരുടെയും ദേശീയ മതമെന്ന് നെഹ്റു പറഞ്ഞിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഇന്നും നീതിയുടെ അതേ പാത തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുടരുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനും ജനാധിപത്യം സ്ഥാപിക്കുന്നതിനും മതനിരപേക്ഷത സ്ഥാപിക്കുന്നതിനും ഭരണഘടനയുടെ അടിത്തറ പാകുന്നതിനും അദ്ദേഹം തന്റെ മുഴുവന്‍ ജീവിതവും സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ എപ്പോഴും നമ്മെ നയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മുത്തച്ഛന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷം എക്സില്‍ പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെയും ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെഹ്റു 1964-ല്‍ അധികാരത്തിലിരിക്കെയാണ് അന്തരിച്ചത്.