ഇന്ത്യസഖ്യത്തിന് ആത്മവിശ്വാസം പകരുന്ന് ഉപതിരഞ്ഞെടുപ്പ്; 13 മണ്ഡലങ്ങളില്‍ പത്തിടത്തും ജയം

ഇന്ത്യസഖ്യത്തിന് ആത്മവിശ്വാസം പകരുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ഉപതിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ പത്തിടത്തും പ്രതിപക്ഷസഖ്യം വിജയിച്ചു.

• പശ്ചിമബംഗാള്‍: ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ഇതില്‍ മൂന്നെണ്ണവും ബി.ജെ.പി.യുടേതായിരുന്നു. ഒന്ന് സിറ്റിങ് സീറ്റും.

• ഹിമാചല്‍പ്രദേശ്: കോണ്‍ഗ്രസിനെ പിന്തുണച്ച സ്വതന്ത്ര എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്ന് മത്സരിച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ബി.ജെ.പി.യും ജയിച്ചു. ഡെഹ്റ, നലഗഢ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ഹാമിര്‍പുരില്‍ ബി.ജെ.പി.യും ജയിച്ചു.

• ഉത്തരാഖണ്ഡ്: ബദരീനാഥ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി. ടിക്കറ്റില്‍ മത്സരിച്ച എം.എല്‍.എ. രാജേന്ദ്ര ഭണ്ഡാരിയെ കോണ്‍ഗ്രസിന്റെ ലഖ്പത് സിങ് ബുട്ടോല തോല്‍പ്പിച്ചു. അയോധ്യക്ക് പിന്നാലെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ബദരീനാഥിലെ ജയവും കോണ്‍ഗ്രസിന് നേട്ടമായി. മംഗളൗരില്‍ ബി.എസ്.പി. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിന്റെ ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ വിജയിച്ചു. ബി.ജെ.പി. രണ്ടാമതും ബി.എസ്.പി. മൂന്നാമതുമായി.

• പഞ്ചാബ്: സിറ്റിങ് എം.എല്‍.എ. ബി.ജെ.പി.യില്‍ ചേര്‍ന്നതോടെ തിരഞ്ഞെടുപ്പ് നടന്ന ജലന്ധര്‍ വെസ്റ്റില്‍ ആം ആദ്മി പാര്‍ട്ടി സീറ്റ് നിലനിര്‍ത്തി.

• ബിഹാര്‍: ജെ.ഡി.യു. സിറ്റിങ് എം.എല്‍.എ. ബിമ ഭാരതി രാജിവെച്ച് ആര്‍.ജെ.ഡി.യില്‍ ചേര്‍ന്ന് ലോക്സഭയിലേക്ക് മത്സരിച്ചതോടെ ഒഴിവുവന്ന ബിഹാറിലെ റുപൗലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കര്‍ സിങ് ജയിച്ചു. ബിമ ഭാരതി ആര്‍.ജെ.ഡി. ടിക്കറ്റില്‍ മൂന്നാമതായി. ജെ.ഡി.യു.വിലെ കലാധര്‍ പ്രസാദ് മണ്ഡല്‍ രണ്ടാമതെത്തി.

• തമിഴ്നാട്: വിക്രവാണ്ടി മണ്ഡലം ഡി.എം.കെ. നിലനിര്‍ത്തി. എന്‍.ഡി.എ. സഖ്യത്തിലെ പി.എം.കെ. അരലക്ഷത്തിലേറെ വോട്ടിന് രണ്ടാമതായി.

• മധ്യപ്രദേശ്: കോണ്‍ഗ്രസിന്റെ അമര്‍വാഡ സീറ്റിങ് സീറ്റില്‍ ബി.ജെ.പി.യിലേക്ക് ചേക്കേറിയ എം.എല്‍.എ. കമലേഷ് ഷാ വീണ്ടും ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധീരന്‍ ഷാ മൂവായിരം വോട്ടിനാണ് പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *