ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1; വിക്ഷേപണം സെപ്റ്റംബർ 2-ന്

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1 ന്റെ വിക്ഷപണം സെപ്റ്റംബർ 2-ന് രാവിലെ 11.50-ന് നടക്കുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിൽ നിന്ന് പി എസ് എൽ വിയായിരിക്കും ആദിത്യ സൂര്യനിലേക്ക് കുതിച്ചുയരുക. ഒന്നാം ലഗ്രാഞ്ച് പോയിന്റാണ് ദൗത്യത്തിന്റെ ലക്ഷ്യം.

വിക്ഷേപണ ശേഷം 125 ദിവസം നീളുന്നതാണ് യാത്ര. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോ മീറ്റർ അകലം വരെയെത്തി പേടകം സൂര്യനെ നിരീക്ഷിക്കും. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാ​ഗത്തെയും സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും ദൗത്യത്തിൽ വിശദമായി പഠിക്കും. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എൽ-1 സഞ്ചരിക്കുക. ലഗ്രാഞ്ച് പോയിന്റിൽ ഗുരുത്വബലം സന്തുലിതമായതിനാൽ ഇവിടെ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി. ദൗത്യത്തിന് ആവശ്യമായ ചെലവ് ചാന്ദ്രയാൻ മൂന്നിന്റേതിനേക്കാൾ പകുതി മതിയെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *