ഇന്ത്യയിലെ തൊഴിലില്ലായ്മക്ക് കാരണം കുറച്ച് സമ്പന്നരാണെന്ന് രാഹുൽ ഗാന്ധി

തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യയിലെ കുറച്ച് സമ്പന്നരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യിൽ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ കാരണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കൻ സംസ്ഥാനങ്ങളെക്കാൾ കൂടുതൽ മികച്ച പ്രതികരണമാണ് വടക്കേ ഇന്ത്യയിൽ നിന്ന് ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. മാധ്യമങ്ങൾ കാണുന്ന രാഹുൽ അല്ല താൻ. ബിജെപി കാണുന്ന രാഹുലും അല്ല. താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കിൽ ഹിന്ദു ധർമ്മം പഠിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 

കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്വാമി നാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് പരിഗണിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റിപ്പോർട്ട് വെറുതെ നടപ്പാക്കുമെന്ന് പറയാനില്ല. കമ്മീഷൻ നിർദേശങ്ങളുടെ സാമ്പത്തിക വശം അടക്കം പരിഗണിച്ച് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുമെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനല്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യാത്ര ഒരു വ്യക്തിക്ക് വേണ്ടിയല്ല. മറിച്ച് ഒരാശയമാണ്. രാഹുല്‍ യാത്രയുടെ പ്രധാനമുഖമാണെന്ന് മാത്രമേയുള്ളൂവെന്നും ജയറാം രമേശ് വ്യക്തമാക്കി. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കമല്‍നാഥടക്കമുള്ള നേതാക്കളുടെ അവകാശവാദത്തെ തിരുത്തിയായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം.  

Leave a Reply

Your email address will not be published. Required fields are marked *