ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്. സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന സ്റ്റാർട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിലേക്ക് ഉറ്റ് നോക്കുകയാണ് രാജ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 11.30നാണ് വിക്ഷേപണം.

ആറ് മീറ്റർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രം ആയുസ്, പരമാവധി 81.5 മീറ്റർ ഉയരത്തിലേ റോക്കറ്റ് എത്തുകയുമുള്ളൂ. പക്ഷേ പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമാണ്. ഒരു സ്വകാര്യ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ആണിത്. വെറും നാല് വർഷം മുമ്പാണ് സ്‌കൈറൂട്ട് എന്ന സ്റ്റാർട്ടപ്പിന് ഹൈദരാബാദിൽ തുടക്കമാകുന്നത്. സ്വന്തമായി മൂന്ന് ചെറു വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന കമ്പനിക്ക് ഈ സൗണ്ടിംഗ് റോക്കറ്റ് അവർ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന പരീക്ഷയാണ്. ഇവിടെ ജയിച്ചാൽ അടുത്ത വർഷം കൂടുതൽ കരുത്തനായ വിക്ഷേപണവാഹനം വിക്രം 1 എത്തും.

സ്‌കൈറൂട്ടിലൂടെ റോക്കറ്റ് വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ രംഗപ്രവേശത്തെ ഐഎസ്ആർഒയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം സ്വകാര്യ മേഖലയിലേക്ക് മാറ്റി, ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *