‘ഇനി ഒരിക്കലും ബിജെപിയിലേക്ക് പോകില്ല’ ; ജെജെപി പ്രധാന പാർട്ടിയാകും , ദുഷ്യന്ത് ചൗട്ടാല

വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി സഖ്യത്തിനില്ലെന്ന് ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) മേധാവിയും ഹരിയാന മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല. വരും ദിവസങ്ങളിൽ പാർട്ടി ഏറ്റവും പ്രധാനപ്പെട്ട പാർട്ടിയായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചൗട്ടാല.

”ഞാനിപ്പോൾ അതൊരു പ്രതിസന്ധിയായി കാണുന്നില്ല. എന്താണോ സംഭവിച്ചത് അത് സംഭവിച്ചു. ഞാനിപ്പോൾ അതൊരു അവസരമായി കാണുന്നു…കഴിഞ്ഞ തവണയും നമ്മുടെ പാർട്ടി ഒരു കിംഗ് മേക്കർ ആയിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയായി ജെജെപി മാറും” ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദുഷ്യന്ത് ചൗട്ടാലയുടെ മറുപടി ഇങ്ങനെയായിരുന്നു. ഹരിയാനയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 10 ജെ.ജെ.പി എം.എൽ.എമാരുടെ പിന്തുണയോടെയാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ജെജെപിക്ക് 0.87 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ഒരു സ്ഥാനാര്‍ഥി പോലും വിജയിച്ചിരുന്നില്ല.

ഇന്‍ഡ്യാ മുന്നണിയുമായി സഖ്യമുണ്ടാക്കുമോ എന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടിക്ക് മുന്‍ഗണന ലഭിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. “ഞാൻ എൻഡിഎ സഖ്യത്തിനൊപ്പം നിന്നു. ഗുസ്തിക്കാരുടെ പ്രശ്‌നവും കർഷക പ്രശ്‌നവും ഉണ്ടായിട്ടും അവരോടുള്ള എൻ്റെ നിലപാട് ഒരിക്കലും മാറ്റിയിട്ടില്ല. പക്ഷെ തിരിച്ച് ബഹുമാനം നല്‍കിയില്ലെങ്കില്‍ ആര്‍ക്കാണ് ഉറപ്പ് പറയാന്‍ കഴിയുക” ചൗട്ടാല വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങളെക്കുറിച്ചും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു, കർഷകരുടെ വികാരം മനസ്സിലാക്കാൻ ജെ..ജെപിക്ക് കഴിഞ്ഞില്ല, അതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിന് വില കൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *