‘ഇത് പ്രീണന രാഷ്ട്രീയമാണ്’; കോൺഗ്രസ് പ്രകടനപത്രിക ഇന്ത്യയേക്കാൾ ഉചിതം പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിന്: പരിഹസിച്ച് ഹിമന്ത

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടനപത്രിക കൂടുതൽ ഉചിതമെന്ന് ഹിമന്ത പരിഹസിച്ചു. അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

‘‘ഇത് പ്രീണന രാഷ്ട്രീയമാണ്. ഞങ്ങൾ ഈ രാഷ്ട്രീയത്തെ അപലപിക്കുന്നു. പ്രകടനപത്രിക ഭാരതത്തിലെ തിരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാക്കിസ്ഥാനു വേണ്ടിയുള്ളതാണെന്നു തോന്നുന്നു. മുത്തലാഖ് പുനരുജ്ജീവിപ്പിക്കാനോ ബഹുഭാര്യത്വത്തെയോ ശൈശവ വിവാഹത്തെയോ പിന്തുണയ്ക്കാന്നോ ഒരു വ്യക്തിയും ആഗ്രഹിക്കുന്നില്ല. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക എന്നതാണ് കോൺഗ്രസിന്റെ മാനസികാവസ്ഥ. സംസ്ഥാനത്തെ 14 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കും’’ – ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ കോൺഗ്രസ് പ്രത്യയശാസ്ത്രം മനസിലാക്കാൻ ഹിമന്ത ബിശ്വ ശർമ്മയെ പോലൊരാൾക്ക് കഴിയില്ലെന്നായിരുന്നു കോൺഗ്രസ് മറുപടി. ഏപ്രിൽ 19, 26, മേയ് 7 എന്നിങ്ങനെ മൂന്നു ഘട്ടമായാണ് അസമിൽ വോട്ടെടുപ്പ് നടക്കുന്നത്.

കോൺഗ്രസിന്റേത് മുസ്‌ലിം ലീഗിന്റെ പ്രകടനപത്രികയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യസമരകാലത്തെ ലീഗ് ആശയങ്ങളാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്. രാജ്യഹിതത്തിനായുള്ള നയങ്ങളോ പുരോഗതിക്കായുള്ള വീക്ഷണമോ പ്രകടനപത്രികയിൽ ഇല്ല. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടതിന്റെ ആശയങ്ങൾക്കാണ് മേധാവിത്തമെന്നും മോദി ആരോപിച്ചിരുന്നു. ഉത്തർപ്രദേശിൽ നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിലായിരുന്നു മോദിയുടെ ആരോപണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *