ഇഡി തലപ്പത്ത് മിശ്രയുടെ കാലാവധി നീട്ടിയതിനെതിരായ ഹർജി; സുപ്രീം കോടതി ജസ്റ്റിസ് പിന്മാറി

എൻഫോഴ്സ്മെന്റ് ഡയറക്ടർ സ്ഥാനത്ത് എസ് കെ മിശ്രയുടെ കാലാവധി നീട്ടി നൽകിയതിനെതിരെ ഹർജി. കോണ്‍ഗ്രസ് നേതാക്കളായ ജയ താക്കൂര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹ്‌വ മൊയ്ത്ര എന്നിവരാണ് ഹർജി നൽകിയത്. എന്നാൽ ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജസ്റ്റിസ് എസ് കെ കൗൾ പിന്മാറി. കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് സമർപ്പിക്കാൻ ജസ്റ്റിസ് എസ് കെ കൗൾ നിർദ്ദേശം നൽകി.ഇന്നലെ കേന്ദ്രസർക്കാർ എസ് കെ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടിയിരുന്നു.

ഇത് മൂന്നാം തവണയാണ് എസ് കെ മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത്. 2020 ലാണ് ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് കാലവധി നീട്ടി നിയമിച്ചത്. പിന്നീട് 2021 ലും ഇത് ആവർത്തിച്ചു. ഇഡി ഡയറക്ടർ സ്ഥാനത്ത് ആദ്യമായാണ് ഒരാൾക്ക് കാലാവധി ഇങ്ങനെ നീട്ടി നൽകുന്നത്. നേരത്തെ സെൻട്രൽ ഏജൻസികളുടെ തലപ്പത്ത് ഒരാൾക്ക് രണ്ട് വർഷമായിരുന്നു സേവന കാലാവധി ലഭിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസ് വഴി ഇത് അഞ്ച് വർഷം വരെയാക്കി ദീർഘിപ്പിക്കാൻ സാധിക്കുന്ന തരത്തിലായി. മൂന്നാം വട്ടം കാലാവധി ദീർഘിപ്പിച്ചതോടെ 2023 ൽ എസ് കെ മിശ്ര ഇഡി തലപ്പത്ത് അഞ്ച് വർഷം പൂർത്തിയാക്കും.

ഇദ്ദേഹത്തിന് 2020 ൽ കാലാവധി നീട്ടി നൽകിയ സമയത്തും അത് നിയമപോരാട്ടത്തിന് വഴിവെച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഈ കാലാവധി നീട്ടലിൽ ഇടപെട്ടില്ല. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന് ഇത്തരത്തിൽ കാലാവധി നീട്ടിനൽകാമെന്നായിരുന്നു അന്നത്തെ സുപ്രീം കോടതിയുടെ നിലപാട്. 

Leave a Reply

Your email address will not be published. Required fields are marked *