ഇടപാടുകൾ എത്ര വരെയാകാം; യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയർത്തി ആർബിഐ

മൊബൈല്‍ ഫോണ്‍ വഴി പണമിടപാട് നടത്തുന്നവര്‍ക്ക് ആശ്വാസമേകി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുപിഐ ലൈറ്റ് ഇടപാടുകളില്‍ മാറ്റം വരുത്തി. യുപിഐ ലൈറ്റിന്‍റെ ഓരോ ഇടപാടുകളുടേയും പരിധി 1000 രൂപയായും മൊത്തം വാലറ്റ് പരിധി നേരത്തെ 2000 രൂപയായിരുന്നത് 5000 രൂപയായും ഉയര്‍ത്തി.

യുപിഐ പിന്‍ ഇല്ലാതെ ചെറിയ പേയ്മെന്‍റുകള്‍ നടത്താനുള്ള സൗകര്യം നല്‍കുന്ന വാലറ്റാണ് യുപിഐ ലൈറ്റ്. ഈ മാറ്റത്തിന് ശേഷം, യുപിഐ ലൈറ്റ് ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാകും. വലിയ തുകകള്‍ക്കും യുപിഐ ലൈറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

യുപിഐ ലൈറ്റ് വാലറ്റ് റീചാര്‍ജ് ചെയ്യുന്നത് ഓണ്‍ലൈന്‍ മോഡിലും അധിക സുരക്ഷയിലും (എഎഫ്എ) മാത്രമേ കഴിയൂ എന്നും ആര്‍ബിഐ വ്യക്തമാക്കി. സുരക്ഷിതമായാണ് റീ ചാര്‍ജ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണിത്.

ചെറിയ പണമിടപാടുകള്‍ നടത്തുന്നവര്‍ക്കും ഓഫ്ലൈന്‍ ഡിജിറ്റല്‍ ഇടപാടുകളുടെ സൗകര്യം ആഗ്രഹിക്കുന്നവര്‍ക്കും ആര്‍ബിഐയുടെ ഈ നടപടി പ്രയോജനകരമാണ്. ഇതിനുപുറമെ, യുപിഐ 123 പേയ്ക്കുള്ള ഇടപാട് പരിധി നേരത്തെ 5000 രൂപയായിരുന്നത് 10,000 രൂപയായി ഉയര്‍ത്തി.

ഇത് യുപിഐ വഴിയുള്ള ഇടപാടുകള്‍ എളുപ്പമാക്കും. ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫീച്ചര്‍ ഫോണുകളില്‍ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സേവനമാണ് യുപിഐ 123 പേ. നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് വികസിപ്പിച്ചെടുത്തതാണ്.

കഴിഞ്ഞ നവംബറില്‍ 15.48 ബില്യണ്‍ ഇടപാടുകളാണ് യുപിഐ വഴി നടന്നത്. 21.55 ലക്ഷം കോടി രൂപയായിരുന്നു ഈ ഇടപാടുകളുടെ മൂല്യം . ഇത് ഒക്ടോബറിനേക്കാള്‍ അല്‍പം കുറവാണ്. വര്‍ഷം തോറും 38% വര്‍ദ്ധനയാണ് യുപിഐ ഇടപാടുകളില്‍ രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *