പുഷ്പ 2 പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന ശ്രീതേജ് എന്ന ഒമ്പതുവയസ്സുകാരന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുമെന്ന് നടന്‍ അല്ലു അര്‍ജുന്‍.
അപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അല്ലു അര്‍ജുൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം നടത്തിയ ആഘോഷം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കുട്ടിക്കുള്ള പിന്തുണ അറിയിച്ചത്.
‘ദൗര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായ ശ്രീതേജിന് ഒപ്പമുണ്ട്. നിയമപരമായ നടപടിക്രമങ്ങളുള്ളതുകൊണ്ട് ആ കുട്ടിയേയോ കുടുംബത്തേയോ ഇപ്പോള്‍ സന്ദര്‍ശിക്കുന്നില്ല. ച.
അവരുടെ കുടുംബത്തിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായവും ചെയ്തുകൊടുക്കും. ആ കുട്ടി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ആഗ്രഹിക്കുന്നു.’ കുട്ടിയേയും കുടുംബത്തേയും ഉടന്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ ദില്‍സുഖ്‌നഗര്‍ സ്വദേശിനിയായ രേവതി(39) ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജ് ബോധരഹിതനാവുകയും ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം.
സംഭവത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകം തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ ഉത്തരവ് വൈകിയെത്തിയ പശ്ചാത്തലത്തില്‍ അല്ലുവിന് ഒരു രാത്രി ജയിലില്‍ കഴിയേണ്ടി വന്നു. ശനിയാഴ്ച്ച രാവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അല്ലുവിനെ സ്വീകരിക്കാന്‍ വന്‍ ആരാധകക്കൂട്ടം കാത്തുനിന്നിരുന്നു. വീട്ടിലേക്കെത്തിയ അല്ലുവിനെ ഏറെ വൈകാരികമായാണ് ഭാര്യയും കുഞ്ഞുങ്ങളും സഹോദരനും സ്വീകരിച്ചത്.