ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർജി ; പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി

1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച്. ഇതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കാൻ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ ബെഞ്ച് രൂപീകരിച്ചത്.

ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഡിംബർ 12ന് ഉച്ചയ്ക്ക് 3.30ന് ബെഞ്ചിന്റെ ആദ്യ വാദം കേൾക്കൽ നടക്കും. ഗ്യാൻവാപി ഉൾപ്പെടെയുള്ള കേസുകളിൽ പരാതിക്കാരനായ അഡ്വ. അശ്വിനികുമാർ ഉപാധ്യായയുടേത് ഉൾപ്പെടെ ഒരു കൂട്ടം ഹർജികൾ കോടതിക്കു മുന്നിലുണ്ട്. ‘മതമൗലികവാദികളായ അധിനിവേശകർ’ കൈയേറിയ തങ്ങളുടെ ആരാധനാലയങ്ങൾ തിരിച്ചുപിടിക്കാൻ വേണ്ടി കോടതികളെ സമീപിക്കുന്നതിൽനിന്ന് ഹിന്ദുക്കളെയും ജൈനന്മാരെയും ബുദ്ധന്മാരെയും സിഖുകാരെയും തടയുന്നതാണ് ആരാധനാലയ നിയമമെന്നാണ് അശ്വിനി കുമാർ ഹർജിയിൽ വാദിച്ചത്.

ഹർജികൾ ചോദ്യം ചെയ്ത് ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡും ജംഇയ്യത്ത് ഉലമായെ ഹിന്ദും കോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് സൗഹാർദവും മതേതരത്വവും കാത്തുരക്ഷിക്കുന്ന സുപ്രധാന നിയമത്തെ പൊതുതാൽപര്യ ഹർജികളുടെ മറവിൽ ചോദ്യംചെയ്യാനാകില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *