ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവയ്ക്കില്ല; പാർട്ടി നേതൃത്വവുമായി ഒത്തുതീർപ്പിനില്ലെന്ന് സ്വാതി മലിവാൾ

ആം ആദ്മി പാർട്ടിയിൽ നിന്നും താൻ രാജിവയ്ക്കില്ലെന്ന് സ്വാതി മലിവാൾ എംപി. എന്നാൽ പാർട്ടി നേതൃത്വവുമായി ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും സ്വാതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് സ്വാതി തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഞാൻ സത്യം പറഞ്ഞില്ലെങ്കിൽ, ഒരുപക്ഷേ പാർട്ടിയുമായുള്ള ബന്ധം നന്നാകുമായിരുന്നു. വലിയ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. അത് ഞാൻ മനസിലാക്കുന്നു. ഞാൻ എന്നെത്തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷേ ഒരു വഴിയുമില്ല. ഇരയെ അപമാനിക്കുകയാണ് അവർ ചെയ്തത്. ആം ആദ്മി പാർട്ടി രണ്ടോ മൂന്നോ പേരുടെതല്ലാത്തതിനാൽ പാർട്ടിയിൽ തുടരും. ഞാൻ ആം ആദ്മി പാർട്ടിയ്ക്കു വേണ്ടി എന്റെ രക്തവും വിയർപ്പും നൽകിയിട്ടുണ്ട്’ സ്വാതി മലിവാൾ പറഞ്ഞു.

‘ജയിലിൽ നിന്നും ഇറങ്ങിയ ശേഷം എല്ലാ നേതാക്കളും മുഖ്യമന്ത്രിയെ പോയി കാണുകയായിരുന്നു. ഞാൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനും പിന്തുണ നൽകാനുമാണ് വീട്ടിൽ പോയത്. കാരണം ഞാൻ 2006 മുതൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ഒരാളാണ്. ജയിലിൽ അദ്ദേഹം നേരിട്ട ആഘാതത്തെക്കുറിച്ച് സംസാരിക്കാനും എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെപ്പറ്റി പറയാനുമായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഞാനും തിഹാർ ജയിലിനു മുന്നിൽ പോയിരുന്നു. പക്ഷേ അവിടെ ധാരാളം ആളുകൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹവുമായി ആശയവിനിമയം നടത്താൻ സാധിച്ചില്ല. മാർച്ചിലെ എന്റെ യുഎസിലേക്കുള്ള യാത്രയിൽ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതു മുതൽ പാർട്ടിയുമായുള്ള ബന്ധം വഷളായി’ സ്വാതി പറയുന്നു. മുഖ്യമന്ത്രിയുടെ വീട്ടിൽ വച്ചാണ് തനിക്ക് മർദ്ദനമേറ്റതെന്നും അരവിന്ദ്ജിക്ക് ക്ലീൻ ചിറ്റ് നൽകാൻ തനിക്ക് കഴിയില്ലെന്നും സ്വാതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *