‘അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിൻഗാമിയാണ് അമിത് ഷാ’; ബിജെപി, അധികാര ജിഹാദിൽ മുഴുകുകയാണെന്ന് ഉദ്ധവ് താക്കറെ

രാഷ്ട്രീയ പാർട്ടികളെ തകർക്കുന്ന ബിജെപി, അധികാര ജിഹാദിൽ മുഴുകുകയാണെന്നു ശിവസേന തലവൻ ഉദ്ധവ് താക്കറെ. ശിവസേനയിലെയും എൻസിപിയിലെയും പിളർപ്പ് ചൂണ്ടിക്കാട്ടി തങ്ങളുടെ സഖ്യകക്ഷികളെ ബിജെപി തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുണെയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറെ.

‌‘‘ഞങ്ങളുടെ ഹിന്ദുത്വം വിശദീകരിച്ച ശേഷവും മുസ്‌ലിംകൾ ഞങ്ങളോടൊപ്പമുണ്ടെങ്കിൽ, ബിജെപിയുടെ അഭിപ്രായത്തിൽ ഞങ്ങൾ ഔറംഗസേബ് ഫാൻ ക്ലബാണ്. അങ്ങനെയെങ്കിൽ ബിജെപി ചെയ്യുന്നത് അധികാര ജിഹാദാണ്. പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ പരാജയപ്പെടുത്തിയ അഫ്ഗാൻ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിൻഗാമിയാണ് അമിത് ഷാ’’ ഉദ്ധവ് താക്കറെ പറഞ്ഞു.

തന്നെ ഔറംഗസേബ് ഫാൻസ് ക്ലബിന്റെ തലവനെന്ന് അമിത് ഷാ വിളിച്ചതിനായിരുന്നു ഉദ്ധവിന്റെ മറുപടി. ജൂലൈ 21ന് പുണെയിൽ ബിജെപി പരിപാടിയിൽ പങ്കെടുക്കവെയാണ് മഹാ വികാസ് അഘാഡി സഖ്യം ഔറംഗസേബ് ഫാൻസ് ക്ലബാണെന്നും ഉദ്ധവ് താക്കറെ അതിന്റെ നേതാവാണെന്നും അമിത് ഷാ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *