അരിവില കുറയ്ക്കാൻ പുതിയ നീക്കവുമായി കേന്ദ്രം

അരി കിലോയ്ക്ക് 25 രൂപ നിരക്കിൽ ഭാരത് റൈസ് വിപണിയിലെത്തിക്കാനാണ് സർക്കാർ നീക്കം. അരിയുടെ വില പിടിച്ചുനിറുത്തുന്നതിൻ്റ  ഭാഗമായിട്ടാണ്  കേന്ദ്രസർക്കാരിൻ്റെ പുതിയ നീക്കം എന്നാണ് റിപ്പോർട്ട്. ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘ഭാരത് ആട്ട’ (ഗോതമ്പ് മാവ്), ‘ഭാരത് ദാൽ’ (പയർ വർഗങ്ങൾ) എന്നിവ വിജയകരമായി നടപ്പാക്കിയതിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. ഗോതമ്പുമാവ് കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാല്‍ ബ്രാന്‍ഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് സര്‍ക്കാര്‍ നിലവിൽ വില്‍ക്കുന്നത്.

നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ, കൂടാതെ സർക്കാർ ഏജൻസികൾ വഴിയും മൊബൈൽ വാനുകൾ വഴിയും ഭാരത് അരി ലഭ്യമാക്കാനാണ് സർക്കാർ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിനുള്ള കോപ്പുകൂട്ടുകയാണ് ബിജെപി. അതിനാൽ അധികം വൈകാതെ ഭാരത് അരി സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.

മുൻവർഷങ്ങളെ അപേക്ഷിച്ച് അരിയുൾപ്പടെയുള്ള ധാന്യങ്ങൾക്ക് കാര്യമായ തോതിൽ വിലവർദ്ധിക്കുകയാണ്. ഇതാണ് ഭാരത് റൈസ് എന്ന ആശയത്തിലേക്ക് പൊടുന്നനെ കേന്ദ്രസർക്കാർ എത്തിയത്. ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറവില്‍പ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ വിലയിൽ 14.1 ശതമാണ്‌ കൂടിയത്. കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും അരിയാണ് മുഖ്യ ഭക്ഷ്യവിഭവം.

Leave a Reply

Your email address will not be published. Required fields are marked *