അയോഗ്യയാക്കിയിട്ടും മറ്റൊരു അവസരത്തിനായി എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല; ഐഒഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ എന്തെടുക്കുകയായിരുന്നുവെന്ന് ഭഗവന്ത് മൻ ചോദിച്ചു.

അയോഗ്യയാക്കിയിട്ടും മറ്റൊരു അവസരത്തിനായി എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും ഭഗവന്ത് മൻ ചോദിച്ചു. ഇത് ആരുടെ കുറ്റമാണ്? മൂന്നു തവണ ഒരു ദിവസം വിജയിച്ച താരത്തിന്‍റെ എല്ലാ മത്സരങ്ങളും റദ്ദാക്കുന്ന നടപടിയാണുണ്ടായത്. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ പാരീസില്‍ ഒഴിവുദിവസം ആഘോഷിക്കാനാണോ പോയതെന്നും ഭഗവന്ത് മൻ ചോദിച്ചു. വിനേഷ് ഫോ​ഗട്ടിന്‍റെ ​ഗ്രാമത്തിലെ അക്കാദമിയിൽ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് പ്രതികരണം.

അവസരം നഷ്ടമായതിൽ വലിയ നിരാശയുണ്ടെന്ന് വിനേഷിന്‍റെ അമ്മാവനും മുന്‍താരവുമായ മഹാവീർ ഫോഗട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മെഡൽ ഉറപ്പിച്ചാണ് വിനേഷ് ഫോഗട്ട് മുന്നോട്ട് പോയത് ഭക്ഷണക്രമം പരിശോധിക്കേണ്ടവർ അത് പരിശോധിക്കണമായിരുന്നു. എന്തെങ്കിലും അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നില്ല. ഗുസ്തി ഫെഡേറഷന്‍റെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. സമരത്തിന് ശേഷം ആണ് വിനേഷ് പരിശീലനം നടത്തിയത്.എല്ലാ സഹായങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. 2028ലെ ഒളിമ്പിക്സിനായി എല്ലാ തയ്യാറെടുപ്പും നടത്തുമെന്നും വിജയിക്കുമെന്നും മഹാവീർ ഫോഗട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *