അമ്മയുടെ മരണത്തിന് ഗൂഗിൾ എൻജിനീയർ ലീവെടുത്തു; തിരിച്ചെത്തിയ ഉടൻ പിരിച്ചുവിട്ടു

അമ്മയുടെ മരണത്തെത്തുടർന്ന് അവധിയെടുത്തതിനുശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ പിരിച്ചുവിടപ്പെട്ടുവെന്നു കാട്ടി ഗൂഗിൾ ജീവനക്കാരന്റെ കുറിപ്പ്. ‘നമ്മൾ തകർന്നിരിക്കുമ്പോൾ അടി കിട്ടുന്നതിനു തുല്യമാണെ’ന്നായിരുന്നു പിരിച്ചുവിടപ്പെട്ട ടോമി യോർക്കിന്റെ കുറിപ്പ്.

ഡിസംബറിലായിരുന്നു അർബുദബാധിതയായി ടോമി യോർക്കിന്റെ മാതാവ് മരിക്കുന്നത്. ചടങ്ങുകൾക്കുശേഷം ജോലിക്കു കയറി നാലാം ദിനമാണ് പിരിച്ചുവിട്ടെന്നുള്ള അറിയിപ്പ് ടോമിക്ക് ലഭിക്കുന്നത്. സമൂഹമാധ്യമമായ ലിങ്ക്ഡ്ഇന്നിലെ കുറിപ്പിൽ അദ്ദേഹം എഴുതി – ”കഴിഞ്ഞയാഴ്ച ഗൂഗിൾ എന്നെ പിരിച്ചുവിട്ടു. അമ്മ മരിച്ചതിന്റെ അവധിക്കുശേഷം ജോലിക്കുകയറി നാലാംനാൾ ആയിരുന്നു അത്. ഇപ്പോള്‍ ആകെ തളര്‍ന്ന് നിരാശനായ അവസ്ഥയിലാണ്.

കുഞ്ഞിന്റെ ജനനത്തിനായി പ്രതീക്ഷിച്ചിരിക്കുന്ന മാതാപിതാക്കളെ പിരിച്ചുവിട്ട കഥകൾ കേട്ടിട്ടുണ്ട്. വളരെ മോശം കഥകളും കേട്ടിട്ടുണ്ട്. പക്ഷേ, നേരിട്ട് അനുഭവിച്ചപ്പോൾ മുഖത്തേറ്റ അടിയായി തോന്നി. നമ്മൾ തകർന്നിരിക്കുമ്പോൾ അടി കിട്ടുന്നതിന് തുല്യമാണിത്” – ടോമി യോർക്കിന്റെ കുറിപ്പിൽ പറയുന്നു. 2021ലാണ് ഇദ്ദേഹം ഗൂഗിളിൽ ജോലിക്ക് കയറുന്നത്. 12000 പേരെ പിരിച്ചുവിടുന്നതായി ഗുഗിൾ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *