‘അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമം’; കൽക്കട്ട കോടതി

ഒരു പരിചയവുമില്ലാത്ത സ്ത്രീയെ ഡാർലിങ് എന്ന് വിളിക്കുന്നത് കുറ്റകൃത്യമാണെന്ന് കൽക്കട്ട കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (ഐ) സെക്ഷൻ പ്രകാരം ലൈംഗിക കുറ്റകൃത്യമാണെന്നാണ് കോടതി വ്യക്തമാക്കിയത്. വനിതാ പൊലീസിനെ ഡാർലിങ് എന്ന് വിളിച്ച കേസിലാണ് കോടതിയുടെ വിധി.

ജനക് റാം എന്നയാളുടെ ശിക്ഷ ശരിവെച്ച് പോർട്ട് ബ്ലെയർ ബെഞ്ചിലെ സിംഗിൾ ജഡ്ജി ജസ്റ്റിസ് ജയ് സെൻഗുപ്തയാണ് ഈ നിരീക്ഷണം നടത്തിയത്. ‘എന്താ ഡാർലിങ് എനിക്ക് പിഴയിടാൻ വന്നതാണോ’ എന്നാണ് ജനക് റാം പൊലീസ് കോൺസ്റ്റബിളിനോട് ചോദിച്ചത്. ലൈംഗിക ചുവയുള്ള പരാമർശം സ്ത്രീത്വത്തെ അപമാനിക്കലാണെന്നും  സെക്ഷൻ 354 എ പ്രകാരം ശിക്ഷാർഹമാണെന്നും കോടതി വ്യക്തമാക്കി.

മദ്യപിച്ചോ അല്ലാതെയോ അപരിചിതയായ സ്ത്രീയെ- അവർ പൊലീസ് കോൺസ്റ്റബിളാകട്ടെ, മറ്റാരെങ്കിലുമാകട്ടെ പുരുഷൻ ഡാർലിംഗ് എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് അധിക്ഷേപകരമാണ്. ലൈംഗികചുവയുള്ള പരാമർശമാണിതെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം മദ്യപിച്ചു എന്നതിന് തെളിവില്ലെന്ന് പ്രതിഭാഗം വാദിച്ചു. ബോധത്തോടെയാണ് ഇത് ചെയ്തതെങ്കിൽ കുറ്റകൃത്യത്തിൻറെ ഗൗരവം ഒരുപക്ഷേ ഇതിലും കൂടുതലായിരിക്കുമെന്ന് കോടതി പറഞ്ഞു.

ദുർഗാ പൂജയുടെ തലേന്ന് ക്രമസമാധാനപാലനത്തിനായി ലാൽ തിക്രേയിലേക്ക് പോയ പൊലീസ് സംഘത്തിൽ പരാതിക്കാരിയും ഉണ്ടായിരുന്നു.. വെബി ജംഗ്ഷനിൽ എത്തിയപ്പോൾ പ്രദേശത്ത് ഒരാൾ ബഹളം വെയ്ക്കുന്നതായി അറിഞ്ഞു. തുടർന്ന് ഇയാളെ പിടികൂടി കുറച്ചു പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ കോൺസ്റ്റബിൾ വെബി ജംഗ്ഷനിൽ തുർന്നു. അപ്പോഴാണ് സമീപത്തുണ്ടായിരുന്ന ജനക് റാം എന്നയാൾ  ”എന്താ ഡാർലിങ് പിഴ ഈടാക്കാൻ വന്നതാണോ’ എന്ന് ചോദിച്ചത്. 

തുടർന്ന് മായാബന്ദർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നോർത്ത് ആൻറ് മിഡിൽ ആൻഡമാനിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്ന് മാസത്തെ തടവുശിക്ഷയും 500 രൂപ പിഴയും വിധിച്ചു. പ്രതിയുടെ അപ്പീൽ നോർത്ത് ആൻറ് മിഡിൽ ആൻഡമാൻ അഡീഷണൽ സെഷൻസ് കോടതി തള്ളി. തുർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 

 

Leave a Reply

Your email address will not be published. Required fields are marked *